ന്യൂഡൽഹി: ജനാധിപത്യത്തിന്റെ അന്ത്യമാണ് രാജ്യത്ത് കാണുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ആരോപിച്ചു. എ ഐ സിസി ആസ്ഥാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.’എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നു. ജനശബ്ദം ഉയരാൻ അനുവദിക്കുന്നില്ല. അന്വേഷണ ഏജൻസികളിലൂടെ സമ്മർദ്ദത്തിലാക്കുന്നു. കേസുകളിൽ കുടുക്കി ജയിലിയിൽ അടക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങൾ ആർഎസ്എസ് നിയന്ത്രണത്തിലാണ്.എല്ലായിടത്തും അവരുടെ ആളുകളെ നിയോഗിച്ചിരിക്കുന്നു. സത്യങ്ങൾ എത്ര പറയുന്നുവോ, അത്രയും ആക്രമണം എനിക്കെതിരെ നടക്കുകയാണ്.വിലക്കയറ്റം, തൊഴിലില്ലായ്മ, ചൈനയുടെ കടന്നുകയറ്റം അങ്ങനെ പല വിഷയങ്ങൾ. ഞാൻ പറയുന്ന കാര്യങ്ങളിൽ സർക്കാർ പ്രകോപിതരാകുന്നതിൽ ഏറെ സന്തോഷമുണ്ട്’- രാഹുൽ മാദ്ധ്യമങ്ങളാേട് പറഞ്ഞു.

 

അതിനിടെ, വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ഇ.ഡി. നടപടികൾക്കുമെതിരെയുള്ള കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിലെ എ ഐ സി സി ആസ്ഥാനം പൊലീസ് വളഞ്ഞു. ഡൽഹി പൊലീസിനൊപ്പം കേന്ദ്രസേനകളും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. എ ഐ സി സി ആസ്ഥാനത്തുണ്ടായിരുന്ന മദ്ധ്യപ്രദേശിൽ നിന്നുള്ള പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ പാചകം ചെയ്ത് പ്രതിഷേധിച്ചു.

 

ജന്തർമന്തർ ഒഴികെ ഡൽഹിയിൽ എല്ലായിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ലംഘിച്ചാൽ കർശന നടപടിയെന്നും എഐസിസി ആസ്ഥാനത്തിന് മുന്നിൽ പൊലീസ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് പാർലമെന്റിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here