പാട്‌ന : ബി.ജെ.പി സഖ്യം ഉപേക്ഷിച്ച് പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യത്തിൽ അണിചേർന്ന നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രിയായി വീണ്ടും സ്ഥാനമേറ്റു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനില്ലെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം നിതീഷ് കുമാർ വ്യക്തമാക്കി. ബി.ജെ.പിക്കെതിരെയും മുഖ്യമന്ത്രി രൂക്ഷവിമർശനം ഉന്നയിച്ചു. 2014ൽ നിന്ന് 2021ൽ എത്തുമ്പോൾ കാര്യങ്ങൾ ബി,​ജെ.പിക്ക് അനുകൂലമാകില്ലെന്ന് നിതീഷ് കുമാർ പറഞ്ഞു. നരേന്ദ്രമോദി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല. 2014കാരൻ 2024ൽ ഉണ്ടാകില്ല. 2024ലെ തിരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണം എന്നും അദ്ദേഹം പറഞ്ഞു.

 

ഇന്നലെ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച നിതീഷ് ഒറ്റ രാത്രിയുടെ ഇടവേളയ്ക്ക് ശേഷമാണ് കോൺഗ്രസും ഇടതുപാർട്ടികളും ചേർന്ന മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.. മുൻപ്രതിപക്ഷ നേതാവ് ആർ ജെ ഡിയുടെ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റു. ഗവര്‍ണര്‍ ഫഗു ചൗഹാന്‍ ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിസഭാ വികസനം അധികം വൈകാതെ തന്നെ ഉണ്ടാവും എന്നാണ് റിപ്പോർട്ട്.

 

ഇത് രണ്ടാം തവണയാണ് നിതീഷ്- തേജസ്വി കൂട്ടുകെട്ട് ബീഹാറിൽ അധികാരത്തിൽ എത്തുന്നത്. 2015ലായിരുന്നു ആദ്യം അധികാരമേറ്റത്. എന്നാൽ 2017ല്‍ ആർ ജെ ഡിയുമായുള്ള സഖ്യം ഉപേക്ഷിച്ച നിതീഷ് ബി ജെ പിയുമായി അടുക്കുകയായിരുന്നു. വർഷങ്ങളോളം നീണ്ടുനിന്ന ഈ ബന്ധം കഴിഞ്ഞദിവസം അവസാനിപ്പിച്ചാണ് നിതീഷ് മഹാസഖ്യവുമായി അടുത്തത്.മന്ത്രിസഭാ രൂപീകരണത്തിൽ സുപ്രധാന വകുപ്പുകൾ ആർ ജെ ഡിക്കായിരിക്കും എന്നാണ് റിപ്പോർട്ട്. ആഭ്യന്തര മന്ത്രിസ്ഥാനം ഇപ്പോൾതന്നെ ആർ ജെ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ സ്പീക്കർ പദവിയും ആവശ്യപ്പെട്ടിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here