തിരുവനന്തപുരം: ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പലയിടത്തും സംഘർഷം. വിഴിഞ്ഞം തുറമുഖ നിർമാണത്തെത്തുടർന്നുള്ള തീരശോഷണത്തിന് എതിരെയാണ് സമരം. നിരവധി വൈദികരും സമരത്തിൽ പങ്കെടുത്തു. മത്സ്യത്തൊഴിലാളികൾ ബോട്ടുകളുമായി എത്തിയത് പൊലീസ് തടഞ്ഞതോടെ സംഘർഷമുണ്ടാവുകയായിരുന്നു.

തിരുവല്ലം, കഴക്കൂട്ടം, ഈഞ്ചയ്ക്കൽ, ജനറൽ ആശുപത്രി ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ബോട്ടുകളിലുമായി എത്തിയ വാഹനങ്ങൾ പൊലീസ് തടഞ്ഞത്. തുടർന്ന് ചെറിയതോതിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വള്ളങ്ങൾ കയറ്റിയ വാഹനങ്ങൾ സെക്രട്ടറിയേറ്റിന്റെ ഭാഗത്തേക്ക് കടത്തിവിടാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. വാഹനങ്ങൾ കടത്തിവിടാത്തതിനെത്തുടർന്ന് സമരക്കാർ റോഡ് ഉപരോധിച്ചതോടെ ഗതാഗതം സ്തംഭിച്ചു. അതിനിടെ പൊലീസ് തടഞ്ഞെങ്കിലും വള്ളങ്ങൾ കയറ്റിയ ചില വാഹനങ്ങൾ സമര കേന്ദ്രമായ മ്യൂസിയം ജംഗ്ഷനിൽ എത്തിയിരുന്നു.

തീരശോഷണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ ഏറെ നാളായി സമരത്തിലാണ്. കടലാക്രമണത്തിൽ വീടുകൾ നഷ്ടമായവർക്ക് സർക്കാർ പുനരധിവാസം ഉറപ്പാക്കണമെന്നാണ് മറ്റൊരു ആവശ്യം. സംസ്ഥാനത്ത് നിരവധി മത്സ്യത്തൊഴിലാളികൾ പട്ടിണിയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യതൊഴിലാളികൾ മരിച്ചു. തുറമുഖ നിർമാണം കാരണം പനത്തുറ മുതൽ വേളിവരെ കടൽതീരം നഷ്ടപ്പെട്ട് അഞ്ഞൂറിലേറെ വീടുകൾ തകർന്നതായി ജനറൽ കൺവീനർ മോൺ യൂജിൻ എച്ച് പെരേര പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here