തിരുവനന്തപുരം : ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ 75-ാം  വാർഷികം 2025 ൽ ആഘോഷിക്കുന്നതിനോട് അനുബന്ധിച്ച് കോൺസ്റ്റിറ്റിയൂഷൻ അസംബ്ലി നടപടിക്രമങ്ങൾ പൂർണമായും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ബൃഹത് പ്രവൃത്തി ആരംഭിച്ചതായി നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരള നിയമസഭാ മ്യൂസിയം, ലൈബ്രറി വിഭാഗങ്ങൾ സംയുക്തമായി നിയമസഭാ അങ്കണത്തിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച ഫോട്ടോ-വീഡിയോ-പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു സ്പീക്കർ.

ആദ്യമായിട്ടാണ് കോൺസ്റ്റിറ്റിയൂന്റ് അസംബ്ലി നടപടിക്രമങ്ങൾ ഒരു പ്രാദേശിക ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നത്. 12 വോള്യങ്ങളിലായി 6947 പേജുകളിൽ വ്യാപിച്ചുകിടക്കുന്ന കോൺസ്റ്റിറ്റിയുന്റ് അസംബ്ലി നടപടിക്രമങ്ങൾ 100 പേർ ചേർന്നാണ് പരിഭാഷപ്പെടുത്തുന്നത്.

2025 ൽ ഭരണഘടനയുടെ 25-ാം വാർഷിക ആഘോഷ വേളക്ക് മുമ്പായി പരിഭാഷ പൂർത്തിയാക്കാനാണ് ഉദ്ദേശ്യമെന്ന് സ്പീക്കർ വ്യക്തമാക്കി. കോൺസ്റ്റിറ്റിയുന്റ് അസംബ്ലി നടപടിക്രമങ്ങൾ ഡിജിറ്റൈസ് ചെയ്ത് ഒറ്റ ക്ലിക്കിൽ ലഭ്യമാക്കും.

ഭരണഘടനക്ക് നേരെ വെല്ലുവിളി നേരിടുന്ന സമയമായതിനാലാണ് ഇക്കാര്യങ്ങൾ ചെയ്യുന്നത്. നമ്മുടെ ഭരണഘടന എങ്ങനെ രൂപപ്പെട്ടുവന്നത് നിരന്തരം പറയേണ്ടുന്ന സന്ദർഭമാണിത്. മതനിരപേക്ഷതയിൽ ഊന്നിയതിനാലാണ് മുക്കാൽ നൂറ്റാണ്ടോളമായി ഇന്ത്യ നിലനിന്നു പോന്നതെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. എന്നാൽ മതത്തിൽ ഊന്നി മുന്നോട്ടുപോയ നമ്മുടെ അയൽരാജ്യം വിഭജിക്കപ്പെട്ടു.

സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വാതന്ത്ര ഇന്ത്യക്ക് ആധാരമായ മൂല്യങ്ങളെക്കുറിച്ചും പുതുതലമുറ അറിയേണ്ട സമയമാണ് ആസാദ് കാ അമൃത് മഹോത്സവ്.

നിയമനിർമ്മാണ സഭകളിൽ സ്ത്രീ പ്രാതിനിധ്യം ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നത് ജനാധിപത്യത്തിന്റെ പരിമിതിയും ദൗർബല്യവുമാണ്. സ്പീക്കർ കൂട്ടിച്ചേർത്തു. നിയമസഭയിൽ ഒരുക്കിയ പ്രദർശനം വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കേരള നിയമസഭ രാജ്യത്തിന് മാതൃകയാണെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. കഴിഞ്ഞവർഷം രാജ്യത്ത് ഏറ്റവും കൂടുതൽ സമ്മേളിച്ച നിയമസഭ കേരള നിയമസഭയാണ്. 61 ദിവസങ്ങളാണ് കോവിഡിന്റെ ഭീഷണികൾക്കിടയിലും നിയമസഭ സമ്മേളിച്ചത്. പാർലമെൻറ് പോലും ഇത്ര ദിവസങ്ങൾ ചേർന്നിട്ടില്ല.  51 നിയമങ്ങളാണ് കേരള നിയമസഭ നിലവിൽ വന്നശേഷം ഇതുവരെ പാസാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here