വിധു ഫിലിപ്പ്

കാനഡയിൽ  ആൽബർട്ട പ്രവിശ്യയിലെ എഡ്മൺട്ടനിൽ താമസിക്കുന്നു. സ്വദേശം തൃശ്ശൂരിലാണ്. ഗവൺമെന്റ് ഓഫ് ആൽബേട്ടയിലെ ആക്സസ് ആൻഡ് പ്രൈവസിഅഡ്വൈസർ ആയി ജോലിചെയ്യുന്നു.

യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ടിയിൽ നിന്ന് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

ഇംഗ്ലീഷ് സാഹിത്യത്തിലെ ബിരുദാനന്തര ബിരുദത്തിനു ശേഷം  ഹൈദരാബാദിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്ന് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് സ്റ്റഡീസിലും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബാച്ചിലർ ഇൻ എഡ്യൂക്കേഷനിലും ബിരുദങ്ങൾ നേടിയിട്ടുണ്ട്.

തൃശ്ശൂർ വിമല കോളേജിലെ ഫംഗ്ഷണൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് ഹെഡ് ആയും മാലിദ്വീപ് ഇംഗ്ലീഷ് അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംഗീതജ്ഞനും തെക്കേ അമേരിക്കയിലെ ഗയാനയിൽ സാംസ്കാരിക പ്രതിനിധിയും ആയിരുന്ന മൺമറഞ്ഞുപോയ ഫിലിപ്പ് വി. ഫ്രാൻസിസിന്റെ പത്നിയുമാണ് വിധു.

ഫെയ്സ്ബുക്കിലെ നമ്മുടെ ഓർമ്മകളുടെ ഘോഷ യാത്ര എന്ന ഗ്രൂപ്പിൽ കുറിച്ചിട്ടവയിൽ നിന്നും തിരഞ്ഞെടുത്ത  ചില ഓർമ്മകുറിപ്പുകളുടെ സമാഹാരം  ആണ്  ” പണ്ടൊരയുടെ പെട്ടി ” എന്ന പുസ്തകം. ആദ്യ പുസ്തകമായ  “പണ്ടൊരയുടെ പെട്ടിക്ക് ” 2022 ലെ FOKANA നവമാധ്യമ പുരസ്‌കാരം ലഭിച്ചു. ഗൃഹലക്ഷ്മി വാരികയിൽ “കറുപ്പിന്റെ നിഴൽ” എന്ന കഥയും അച്ചടിച്ചു വന്നിട്ടുണ്ട്.ഒരു കഥാസമാഹാരത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ.    

പ്രണയത്തിൽ വിരിഞ്ഞ ചെമ്പകപ്പൂക്കൾ


ഒരു ലവ് സ്റ്റോറി എന്ന സിനിമയാണ് ആ പണി പറ്റിച്ചത്. നാലാം ക്ലാസ്സിലോ അഞ്ചാം ക്ലാസ്സിലോ ആണ് അന്ന് ഞാൻ. ചേട്ടൻ ഏഴിലോ എട്ടിലോ ആയിട്ടേ ഉള്ളു. ഒരു ലവ് സ്റ്റോറി എന്ന സിനിമയിൽ ആയിരുന്നു ആദ്യമായി ഒരു പയ്യൻ ഒരു പെണ്ണിനൊടു “ഐ ലവ് യു” എന്ന് പറയുന്നത് കേൾക്കുന്നത്. അത് എനിക്ക് വലിയ ഇഷ്ടമായി. വലിയ എന്തോ തമാശ ആയി തോന്നുകയും ചെയ്തു.

ഞങ്ങളുടെ വീട്ടിൽ അന്ന് ടീവിയും വീസിആറും ഒന്നും ഇല്ലാത്തതു കൊണ്ട് അയല്പക്കത്തെ ഒരു വീട്ടിൽ അബദ്ധവശാൽ കണ്ടു പോയതാണ് ആ സിനിമ. അല്ലാതെ വീട്ടിൽ നിന്ന് ഞങ്ങളെ ആ സമയത്തു മാമ്മാട്ടിക്കൂട്ടിയമ്മ പോലത്തെ സിനിമ അല്ലാതെ ഒരു ലവ് സ്റ്റോറിക്കൊന്നും കൊണ്ട് പോകില്ല.

അങ്ങിനെ ഇരിക്കുമ്പോ ഞാൻ അന്ന് ചേട്ടനോട് ആ ആഗ്രഹം പറഞ്ഞത്: ഒരു ലവ് ലെറ്റർ എഴുതണം. എന്നാൽ പിന്നെ അത് എഴുതീട്ടു തന്നെ കാര്യം എന്ന് ചേട്ടനും. അങ്ങിനെ ഞങ്ങൾ അപ്പുറത്തെ വീട്ടിലെ ഒരു മൂരാച്ചി പെണ്ണിന്ന് കത്തെഴുതാൻ തീരുമാനിച്ചു. ഒരു നോട്ടുപുസ്തകത്തിന്റെ നടുപേജ് വലിച്ചു കീറി അതിന്റെ ഒത്ത നടുക്ക് വലിയ അക്ഷരത്തിൽ “ഐ ലവ് യു” എന്നെഴുതിയതിന് ശേഷം ആ പേപ്പർ കൊണ്ട് ഒരു റോക്കറ്റ് ഉണ്ടാക്കി അപ്പുറത്തെ വീട്ടിലേക്കു പറത്തി വിട്ടു. ലവ് ലെറ്റർ എഴുതുക എന്ന ലക്‌ഷ്യം മാത്രമേ ഞങ്ങൾക്കുണ്ടായിരുന്നുള്ളു എന്നതിനാൽ പിന്നെ തുടർ നടപടിക്കൊന്നും ശ്രമിച്ചില്ല എന്നതാണ് സത്യം. എന്നാലും അന്നത്തെ ഭാഷയിൽ പറഞ്ഞാൽ “ലൈൻ ഇടൽ” ” ലൈൻ അടി” കുറച്ചു കൂടി സാഹിത്യത്തിൽ പറഞ്ഞാൽ “പ്രേമം”   തുടങ്ങിയ വാക്കുകളിൽ ഞാൻ വല്ലാതെ ആകർഷിക്കപ്പെട്ടു  എന്നെ പറയേണ്ടു.

അങ്ങിനെ ഞാൻ ആറാം ക്ലാസ്സിൽ എത്തി. സ്കൂൾ തുറക്കുന്ന മഴ കാലത്തു ധാരാളമായി ക്ലാസ്സിലെ കുട്ടികൾ  വെള്ള ചെമ്പകപ്പൂവും ചുമന്ന ചെമ്പകപ്പൂവും എല്ലാം കൊണ്ടുവരുമായിരുന്നു. ഒരു ചെമ്പകപ്പൂ കിട്ടണം എന്ന് അതിയായ ആഗ്രഹം ആരും അറിയാതെ മനസ്സിൽ ഒളിപ്പിച്ചു നടന്നിരുന്ന കാലം.

അങ്ങിനെ ഇരിക്കുമ്പോൾ എനിക്കും കിട്ടി ഒരു ചുവന്ന ചെമ്പക പൂവ്. അത് തന്നത് ഞങ്ങളുടെ വീടിന്റെ പുറകിൽ ഉള്ള ഒരു കോളനി യിലെ കൃഷ്ണൻ എന്ന ഒരു ഏഴാം ക്ലാസ് കാരൻ.  തൃശ്ശൂരിലെ പ്രസിദ്ധമായ കോളനി ആണത്. പണ്ട് ഞങ്ങളുടെ വീട്ടിൽ പുറം പണിക്കു വന്നിരുന്നവർ എല്ലാം അവിടെ ആണ് താമസിച്ചിരുന്നത്. ഇന്നിപ്പോൾ കഥ മാറി, പേരുകേട്ട സ്വർണ്ണ കച്ചവടക്കാർ എല്ലാം വലിയ മണിമാളിക പണിതു താമസിക്കുന്ന സ്ഥലം ആയി മാറി അത്.

സ്കൂൾ അവധി  ആയിരുന്നു അന്ന്. ചേട്ടൻ വലിയ സൈക്കിൾ പ്രാന്തൻ ആയിരുന്നത് കൊണ്ട് ചേട്ടന്റെ തന്നെ സൈക്കിൾ അഴിച്ചും പണിതും കൊണ്ടിരിക്കുകയായിരുന്നു. ഡാഡി മമ്മി വീട്ടിൽ ഇല്ല…. ജോലിക്കു പോയി. എനിക്ക് പ്രതേകിച്ചു പണി ഒന്നും ഇല്ലാത്തതു കൊണ്ടും പഠിപ്പു എനിക്ക് അലര്ജി ആയതു കൊണ്ടും വീടിനു മുമ്പിൽ കൂടി കടന്നു പോകുന്നവരുടെ കണക്കെടുത്തു നേരം പോക്കി കൊണ്ടിരുന്നു.

കൃഷ്ണനെ ഞാൻ മുമ്പും കണ്ടിട്ടുണ്ട്. ആൺകുട്ടികൾ മാത്രം പഠിക്കുന്ന ചേട്ടന്റെ സ്കൂൾ ഇൽ ആണ് പഠിക്കുന്നത്. എന്നെക്കാൾ ഒരു വര്ഷം മുതിർന്ന ക്ലാസ്സിൽ പഠിക്കുന്ന ആണ്കുട്ടികളോടൊന്നും എനിക്ക് അത്രേ താല്പര്യം ഉണ്ടായിരുന്നില്ല. ആറാം ക്ലാസ്സിൽ പഠിച്ചിരുന്ന ഞാൻ കോളേജിൽ പഠിക്കുന്ന ചേട്ടൻ മാരെ ഒക്കെയാണ് വലിയ ആരാധനയോടെ നോക്കിയിരുന്നത്.

അതുകൊണ്ടു തന്നെ ദൂരേന്നു കൃഷ്ണൻ നടന്നു വരുന്നത് കണ്ടപ്പോൾ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. എന്റെ അടുത്തെത്തിയ കൃഷ്ണൻ കയ്യിലിരുന്ന ചുവന്ന ചെമ്പകപ്പൂവ് എനിക്ക് നീട്ടികൊണ്ടു വളരെ കൂൾ ആയി എന്നോട് പറഞ്ഞു :

” ഐ ലവ് യു”

അത് കേട്ടതും എന്റെ രണ്ടു കണ്ണുകൾ ബൾബ് പോലെ പുറത്തേയ്ക്കു തള്ളി പോയി. ചെമ്പകപ്പൂ കിട്ടണം എന്നുള്ള ആഗ്രഹം എന്നെ വല്ലാതെ മഥിക്കുണ്ടെങ്കിലും, ഈ “ഐ ലവ് യു” പ്രയോഗത്തിൽ ഞാൻ പതറിപ്പോയി. ഒരു നിമിഷത്തെ ആലോചനയ്‌ക്കൊടുവിൽ തല ശക്തമായി ചലിപ്പിച്ചു ചെമ്പകപ്പൂവ് വേണ്ടാന്ന് പറഞ്ഞു . ആദ്യത്തെ അനുഭവം ആയതു കൊണ്ട് പേടി കൊണ്ട് എന്റെ നാവിറങ്ങി പോയിരുന്നു.

ഗെയ്റ്റിന്റെ അവിടെ എന്തോ പന്തികേട് മണത്ത ചേട്ടൻ സൈക്കിൾ പണികിടയിൽ നിന്നും തല പുറത്തേക്കിട്ടു ഒരു ചോദ്യം.

” എന്താ അവിടെ?”

സംയമനം വീണ്ടെടുത്തെങ്കിലും പെരുമ്പറ കൊട്ടുന്ന പോലെയുള്ള ഹൃദയമിടിപ്പോടെ ഞാൻ പറഞ്ഞു:

” ഏയ് ഒന്നൂല്യ … കൃഷ്ണൻ എന്നോട് ചെമ്പക പൂവ് വേണോന്നു ചോദിച്ചതാ ഞാൻ വേണ്ടാന്ന് പറഞ്ഞു. ”

ഞാൻ നല്ല കുട്ടി ചമഞ്ഞു.

ചെമ്പകപ്പൂ എന്ന് കേട്ടതും ചേട്ടൻ സൈക്കിൾ പണി ഒക്കെ അവിടെ ഇട്ടിട്ട് എന്നോട് ചോദിച്ചു,

“ഏഹ്ഹ് … ചെമ്പകപ്പൂവോ? നിനക്ക് വാങ്ങായിരുന്നില്ലേ? നിനനക്കു വേണ്ടങ്കിലും എനിക്ക് വേണം അത് . വേഗം പോയി അത് വാങ്ങിട്ടു വാ”.

അപ്പോഴാണ് എന്റെ പോലെ തന്നെ ചേട്ടനും ചെമ്പകപ്പൂ കിട്ടാനുള്ള അതിയായ ആഗ്രഹം ഉണ്ടെന്നു ഞാൻ മനസിലാക്കിയത്.

ഞാൻ ചെകുത്താനും കടലിനും ഇടയിൽ അകപ്പെട്ട പോലെ ആയി.  ചേട്ടനോട് ചെമ്പകപൂവിനൊപ്പമുള്ള “ ഐ ലവ് യു” ന്റെ കാര്യം പറഞ്ഞാൽ കൃഷ്ണന് അടി ഉറപ്പു, പക്ഷെ ചെമ്പകപ്പൂ വാങ്ങിയാൽ കൃഷ്ണന്റെ “ഐ ലവ് യു” ഞാൻ സ്വീകരിച്ച പോലെ ആവും. അതും പറ്റില്ല. ചെമ്പകപ്പൂ കിട്ടാനുള്ള അത്യാർത്തിയിൽ കണ്ണും ഉരുട്ടി മുന്നിൽ നിൽക്കുന്നു ചേട്ടൻ.

പിന്നെ ഒന്നും നോക്കിയില്ല….. വീടിന്റെ പുറകുവശത്തെക്കു ഓടി. വീടിനു പിന്നിലെ ചെറിയ ഇടവഴിയിലൂടെ പോകുന്ന കൃഷ്ണൻ നെ “ശൂ ശൂ ” എന്ന് വിളിച്ചു നിർത്തി. ചെമ്പകപ്പൂവിനെ ചൂണ്ടി കൊണ്ട് പറഞ്ഞു :

” അതിങ്ങട് തന്നോട്ട ”

ഒന്നും മിണ്ടാതെ കൃഷ്ണൻ മതിലിന്റെ പൊക്കത്തെക്കു കൈനീട്ടി ചെമ്പകപ്പൂ തന്നു. പൂ കിട്ടിയതും ഞാൻ ഓടിച്ചെന്നു ചേട്ടന് അത് കൊടുത്തു. ശേഷം ചേട്ടന്റെ മുഖത്തു വിരിഞ്ഞ ആഹ്‌ളാദം  ആസ്വദിച്ചു നിന്നു . ആ നിമിഷത്തിൽ തന്നെ ഞാൻ കൃഷ്ണനെ മറന്നു പോയി.

പിന്നീട് പലപ്പോഴും ഞാൻ കൃഷ്ണനെ കണ്ടെങ്കിലും ആലുവ മണപ്പുറത്തു കണ്ട പരിചയം പോലും ഞാൻ ഭാവിച്ചില്ല. വർഷങ്ങൾ കഴിഞ്ഞപ്പോൾ കൃഷ്ണൻ വിവാഹിതൻ ആവുകയും 2 കുട്ടികളുടെ അച്ഛൻ ആവുകയും ചെയ്തു. പലപ്പോഴും കണ്ടെങ്കിലും ഈ ചെമ്പകപ്പൂ സംഭവം ഒരിക്കലും ഞങ്ങൾ തമ്മിൽ സംസാരിച്ചില്ല.

കഴിഞ്ഞ അവധിക്കു ഞാൻ നാട്ടിൽ പോയപ്പോൾ പുറത്തു പോകാനായി അമ്മ എനിക്ക് ഏർപ്പാടാക്കി തന്നത് അയല്പക്കകാരനായ കൃഷ്ണന്റെ ഓട്ടോറിക്ഷ ആയിരുന്നു. മഴയിലൂടെ ഓട്ടോറിക്ഷ ഓടിക്കുമ്പോൾ ഒരിക്കലെങ്കിലും യാത്രക്കാരിയായ എന്നോട് “സുഖമാണോ” എന്ന് കൃഷ്ണൻ ചോദിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു.പക്ഷെ ഒന്നും മിണ്ടാതെ ആലോചനയിൽ മുഴുകി കൃഷ്ണൻ ഓട്ടോ ഓടിച്ചു കൊണ്ടിരിന്നു. ഇറങ്ങാനുള്ള സ്ഥലം എത്തിയപ്പോൾ ഞാൻ കൊടുത്ത ഓട്ടോ വാടക വാങ്ങി മുഖത്തു പോലും നോക്കാതെ കൃഷ്ണൻ വണ്ടി തിരിച്ചു.

 facebook: https://www.facebook.com/vidhu.rajan.3

2 COMMENTS

Leave a Reply to Mathew Joys Cancel reply

Please enter your comment!
Please enter your name here