ന്യൂഡല്‍ഹി: രാജ്യത്തെ പുരോഗതിയുടെ പാതയില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രത്തിന് കഴിയുമെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തെ തൊഴിലില്ലായ്മ, ചൈന ആക്രമണം, വിലക്കയറ്റം എന്നിവയെക്കുറിച്ച് സംസാരിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ വേണ്ടെന്ന് വെക്കുകയാണ്. കാരണം ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമ്മീഷന്‍, മാധ്യമങ്ങള്‍ എന്നിവയെല്ലാം കടുത്ത സമ്മര്‍ദത്തിലാണ്. ഞങ്ങള്‍ക്ക് ജനങ്ങളിലേക്ക് ഇറങ്ങുക എന്നതാണ് ഏക പോംവഴി. അതിനാല്‍ കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര ആരംഭിക്കും. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് ബിജെപിയെയും ആര്‍എസ്എസിനെയും പരാജയപ്പെടുത്തും. വിലക്കയറ്റത്തിനെതിരെ രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ‘ഹല്ലാ ബോല്‍’ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജ്യത്തെ വിഭജിക്കണമെന്നും അതില്‍ നിന്നുള്ള ലാഭം കുറച്ച് വ്യവസായികള്‍ക്കിടയില്‍ പങ്കിടണമെന്നതാണ് നരേന്ദ്ര മോദിയുടെ പ്രത്യയശാസ്ത്രം.മോദി സര്‍ക്കാരിന്റെ നയങ്ങള്‍ രണ്ട് വന്‍കിട വ്യവസായികള്‍ക്ക് മാത്രമാണ് ഗുണം ചെയ്യുന്നത്. അവരുടെ പിന്തുണയില്ലാതെ മോദിക്ക് പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. ‘ബിജെപിയും ആര്‍എസ്എസും രാജ്യത്തെ വിഭജിക്കുന്നു. അവര്‍ ഭയം വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ഈ ഭയത്തിന്റെ പ്രയോജനം ലഭിക്കുന്നത് ആര്‍ക്കാണ് പാവപ്പെട്ടവര്‍, കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍ ഇവരില്‍ ആര്‍ക്കെങ്കിലുമാണോ മോദി സര്‍ക്കാരില്‍നിന്ന് പ്രയോജനം ലഭിക്കുന്നത് വെറുപ്പിന്റേയും ഭയത്തിന്റേയും ഗുണം ലഭിക്കുന്നത് രണ്ട് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണ്’, രാഹുല്‍ പറഞ്ഞു.

‘നരേന്ദ്ര മോദിയും ബിജെപിയും രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. വിലക്കയറ്റവും വിദ്വേഷവും രാജ്യത്തെ ശക്തിപ്പെടുത്തുന്നുണ്ടോ എന്നാണ് എന്റെ ചോദ്യം. കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തെ ഒന്നിപ്പിക്കുന്നു. ഞങ്ങള്‍ വിദ്വേഷം ഇല്ലാതാക്കുന്നു, വിദ്വേഷം ഇല്ലാതാക്കുമ്പോള്‍ രാജ്യം അതിവേഗം നീങ്ങുന്നു. വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഇതാണ് ചെയ്യുന്നത്. രാജ്യത്തെ രക്ഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്നാണ് എനിക്ക് കോണ്‍ഗ്രസ് പ്രവത്തകരോട് പറയാനുളളത്’, രാഹുല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here