കാനഡയില്‍ കഴിഞ്ഞ ദിവസം പത്ത് പേര്‍ കുത്തേറ്റു മരിച്ചു. പതിനഞ്ചുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമം നടത്തിയവരെന്ന് സംശയിക്കുന്നവര്‍ ഒളിവിലാണ്. പടിഞ്ഞാറന്‍ കാനഡയിലെ സസ്‌കാച്ചവാന്‍ പ്രവിശ്യയിലാണ് ഞായറാഴ്ച പുലര്‍ച്ചെ ആക്രമണം നടന്നത്.

ഡാമിയന്‍ സാന്‍ഡേഴ്‌സണ്‍, മൈല്‍സ് സാന്‍ഡേഴ്‌സണ്‍ എന്നിവര്‍ ജെയിംസ് സ്മിത്ത് ക്രീ നേഷന്‍ ആദിമ സമൂഹ മേഖലയിലാണ് ആക്രമണം നടത്തിയത്. സമീപത്തെ വെല്‍ഡണ്‍ പട്ടണത്തിലും മുപ്പതും മുപ്പത്തിയൊന്നും വയസ്സുള്ള പ്രതികള്‍ ആക്രമണം നടത്തി.

രണ്ടു പേരെ മാത്രം ലക്ഷ്യം വെച്ച് നടത്തിയ ആക്രമണമായിരുന്നുവെന്നും മറ്റുള്ളവര്‍ തടയാനെത്തിയവരും സമീപത്തുണ്ടായിരുന്നവരുമാണെന്നും പോലീസ് പറഞ്ഞു. സസ്‌കാച്ചവാന്‍ പ്രവിശ്യയില്‍ വേട്ടയാടിയും കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടും ജീവിക്കുന്ന 3400ഓളം ജനങ്ങളാണുള്ളത്. ഇവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. പതിമൂന്നോളം സ്ഥലങ്ങളിലാണ് പ്രതികള്‍ ആക്രമണം നടത്തിയത്.

പ്രതികള്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അക്രമണം നടത്തിയവര്‍ പിന്നീട് കാറില്‍ സഞ്ചരിക്കുന്നത് കണ്ടതായുള്ള വിവരത്തെത്തുടര്‍ന്ന് ഹൈവേകളിലും റോഡുകളിലും വാഹനങ്ങള്‍ തടഞ്ഞുപരിശോധിച്ചുവരികയാണ്. നടന്നത് ക്രൂരവും ഹൃദയഭേദകവുമായ അക്രമമാണെന്നും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും ആക്രമണത്തെ അപലപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here