ഗീവറുഗീസ് ചാക്കോ

21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കന്‍ മണ്ണില്‍ നടന്ന ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന സെപ്റ്റംബര്‍ പതിനൊന്ന് അമേരിക്കന്‍ ജനത ഒരിക്കല്‍ക്കൂടി അനുസ്മരിച്ചു. വേള്‍ഡ് ട്രേഡ് സെന്ററിലെ ഇരട്ട ഗോപുരങ്ങള്‍ സ്ഥിതി ചെയ്തിരുന്ന ന്യൂയോര്‍ക്കിലെ ഗ്രൗണ്ട് സീറോയില്‍ ഞായറാഴ്ച നടന്ന ചടങ്ങില്‍ ഭീകരാക്രമണത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു.

ഒരു നിമിഷം മൗനം ആചരിച്ചതിനു ശേഷം ആരംഭിച്ച ചടങ്ങില്‍ മരണമടഞ്ഞവരുടെ പേരുകള്‍ ബന്ധുമിത്രാദികള്‍ വായിച്ചു. വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ഭര്‍ത്താവ് ഡഗ്ലസ് ഇംഹോഫ്, ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ്, മുന്‍ മേയര്‍ മൈക്കല്‍ ബ്ലൂംബര്‍ഗ് തുടങ്ങിയ വിശിഷ്ടാഥികളും ചടങ്ങില്‍ പങ്കെടുത്തു.  ഹൈജാക്ക് ചെയ്ത വിമാനങ്ങള്‍ ഉപയോഗിച്ച് 2001 സെപ്റ്റംബർ 11 നു നടത്തിയ ഭീകരാക്രമണങ്ങളില്‍ ന്യൂയോര്‍ക്ക്, പെന്റഗണ്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലായി മൂവായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

പ്രസിഡന്റ് ജോ ബൈഡന്‍ പെന്റഗണിലേയും പ്രഥമ വനിത  ജില്‍ ബൈഡന്‍ പെന്‍സില്‍വാനിയയിലേയും അനുസ്മരണചടങ്ങുകളില്‍ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ സംഘടനകള്‍ മെഴുകുതിരി തെളിയിച്ച് വിജില്‍ അടക്കമുള്ള അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ രാജ്യമെമ്പാടും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here