ജയ്പുര്‍: രാജസ്ഥാനില്‍ ഇന്ന് വൈകീട്ട് ഏഴിന് കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേരുന്നതിന് മുമ്പായി അശോക് ഗഹ്ലോത് അനുകൂലികള്‍ യോഗം ചേര്‍ന്നു. നാല് മന്ത്രിമാരടക്കം ഒമ്പത് എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്. എംഎല്‍എയും ഗഹ്ലോതിന്റെ അടുത്ത അനുയായിയുമായ ശാന്തി ധരിവാളിന്റെ വീട്ടിലായിരുന്നു സംഗമം. മുഖ്യമന്ത്രി അശോക് ഗഹ്ലോത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തില്‍ പകരക്കാരനെ കണ്ടെത്തുന്നതിനാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിന് സാധ്യത കല്‍പ്പിക്കുന്നുണ്ടെങ്കിലും ഇതിനെ തടയിടുന്നതിനുള്ള നീക്കങ്ങള്‍ അവസാനവട്ടവും ഗഹ്ലോത് പക്ഷത്ത് നടന്നുവരികയാണ്. ബഹുഭൂരിപക്ഷം എം.എല്‍.എ.മാരുടെയും പിന്തുണ തനിക്കുള്ളതിനാല്‍ സ്ഥാനമൊഴിഞ്ഞാല്‍ താന്‍ നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഗഹ്ലോതിന്റെ നിലപാട്. അജണ്ട പരസ്യമാക്കിയിട്ടില്ലെങ്കിലും ഗഹ്ലോത് അനുകൂലികളുടെ യോഗം ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കാണെന്നാണ് വിവരം.

വൈകീട്ട് ഏഴുമണിക്ക് ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കമൊപ്പം രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിരീക്ഷകനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിയമിച്ചിട്ടുണ്ട്.

ശാന്തി ധരിവാളിന്റെ വീട്ടില്‍ നടന്ന ഗഹ്‌ലോത് അനുകൂലികളുടെ യോഗത്തില്‍ മന്ത്രിമാരായ ബി.ഡി.കല്ല, മഹേഷ് ജോഷി, മഹേന്ദ്രജിത് മാളവ്യ, അര്‍ജുന്‍ ബമാനിയ എന്നിവര്‍ പങ്കെടുത്തു. ‘എംഎല്‍എമാരുടെ ഇഷ്ടത്തിനനുസരിച്ച് തീരുമാനമെടുത്തില്ലെങ്കില്‍ സര്‍ക്കാരിന് എങ്ങനെ പ്രവര്‍ത്തിക്കാനാകും, സര്‍ക്കാര്‍ വീഴില്ലേ..’യോഗത്തില്‍ പങ്കെടുത്ത സ്വതന്ത്ര എംഎല്‍എ സന്യാം ലോധ പ്രതികരിച്ചു. 13 എംഎല്‍എമാരുടെ പിന്തുണയോടെയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here