കൊച്ചി : ബാര്‍ക്കോഴക്കേസില്‍ കെ എം മാണിക്കെതിരെ വിജിലന്‍സ് നടത്തിയ അന്വേഷണം പ്രഹസനമാണെന്ന് ഹൈക്കോടതി. കൃത്യവും ശാസ്ത്രീയവുമായ അന്വേഷണമല്ല വിജിലന്‍സ് നടത്തിയതെന്നും ജസ്റ്റിസ് പി ഡി രാജന്‍ കുറ്റപ്പെടുത്തി. കേസില്‍ പുകമറ ഉണ്ടാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി സുകേശനെതിരെ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുഖംരക്ഷിക്കാന്‍ ഗൂഢനീക്കവുമായി ഹൈക്കോടതിയിലെത്തിയ മാണിക്ക് കോടതി പരാമര്‍ശം കുടുതല്‍ നാണക്കേടുണ്ടാക്കി. മാണിയെ വെള്ളപൂശുന്ന ഉമ്മന്‍ചാണ്ടിക്കും ഇത് കനത്തപ്രഹരമായി. 

മാണിക്കെതിരായ കേസിലെ വിചാരണക്കോടതിയിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി നിരസിച്ചു. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് തിരുവനന്തപുരം വിജിലന്‍സ് കോടതിയാണെന്നും വിജിലന്‍സ് കോടതിക്ക് തുടര്‍നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

മാണിക്കെതിരെ നടന്ന അന്വേഷണം മൊബൈല്‍ടവറുകള്‍മാത്രം കേന്ദ്രീകരിച്ചാണെന്നും ഇത് വെറും പ്രഹസനമാണെന്നും കോടതി വിലയിരുത്തി. ഇന്ത്യയില്‍ എവിടെ സഞ്ചരിക്കാനും പൌരന് സ്വാതന്ത്യ്രമുണ്ടെന്നിരിക്കെ ഇത്തരം തെളിവുകള്‍ കണക്കിലെടുത്ത് അന്തിമ തീര്‍പ്പിലെത്തുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു. ശാസ്ത്രീയ തെളിവുകളായിരുന്നു അവലംബിക്കേണ്ടത്. ബാറുടമകളില്‍നിന്നു വേണ്ടരീതിയില്‍ തെളിവ് ശേഖരിച്ചില്ല. എല്ലാവരും ചേര്‍ന്നുള്ള ഒത്തുകളിയാണ് നടന്നത്. ശാസ്ത്രീയതെളിവെടുപ്പ് നടന്നിട്ടില്ലെന്ന് വ്യക്തം.

സര്‍ക്കാരിനു കീഴിലുള്ള വിജിലന്‍സ്, മന്ത്രിയായിരുന്ന കെ എം മാണിക്കെതിരെ കളവായി കേസെടുത്തുവെന്നു കരുതാനാകില്ല. വിചാരണകോടതിനടപടികളില്‍ ഇടപെടാന്‍ കാരണങ്ങളില്ല. സുകേശനെതിരായ അന്വേഷണം പൂര്‍ത്തിയാകുംവരെ വിചാരണകോടതിയിലെ നടപടി നിര്‍ത്തിവയ്ക്കാനാകില്ല. സുകേശനെതിരെ ഗൂഢാലോചനയ്ക്ക് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പരാതിക്കാരനായ ഡോ. ബിജു രമേശുമായി സുകേശന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് അന്വേഷണം പൂര്‍ത്തിയാകുംവരെ തനിക്കെതിരായ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് മാണിയുടെ ഹര്‍ജി.

LEAVE A REPLY

Please enter your comment!
Please enter your name here