തിരുവനന്തപുരം: കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ സംഘടന പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച് പോപ്പുലർ ഫ്രണ്ടിന്റെ പ്രസ്താവന. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായി സംസ്ഥാന ജനറൽ സെക്രട്ടറി അബ്‌ദുൽ സത്താറിന്റെ പേരിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയം ഒരു വിജ്ഞാപനം പുറത്തിറക്കിയതായി അറിയിക്കുന്നു. മഹത്തായ നമ്മുടെ രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരൻമാർ എന്ന നിലയിൽ സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുൻ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നു. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചത് മുതൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിറുത്താൻ എല്ലാ മുൻ അംഗങ്ങളോടും അഭ്യർത്ഥിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു.അതേസമയം പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ വർദ്ധിപ്പിച്ചു. പ്രതിഷേധം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിൽ പൊലീസിനെ കൂടുതലായി വിന്യസിച്ചു. കേരളം കൂടാതെ കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകളിലും സുരക്ഷ ഏർപ്പെടുത്തി.നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പി.എഫ്‌.ഐക്കും എട്ട് അനുബന്ധ സംഘടനകൾക്കുമാണ് നിരോധനമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇന്ത്യയുടെ ഐക്യം തകർക്കുന്ന നിലയിൽ ഭീകര പ്രവർത്തനങ്ങൾ നടത്തി എന്നും ചൂണ്ടിയാണ് നിരോധനം.

LEAVE A REPLY

Please enter your comment!
Please enter your name here