ഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന്റെ മുന്നോടിയായി രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഒരാള്‍ക്ക് ഒരു പദവി എന്ന ജയ്പൂര്‍ സമ്മേളനത്തിലെ നയത്തിനനുസൃതമായാണ് രാജി. ഖാര്‍ഗെ രാജിവെച്ച സാഹചര്യത്തില്‍ പി ചിദബരം, ദിഗ് വിജയ് സിങ്, മുകുള്‍ വാസ്‌നിക് എന്നിവരെയായിരിക്കും പ്രതിപക്ഷ നേതവ് സ്ഥാനത്തേക്ക് പരിഗണിക്കുക.

നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് രാജി. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചിരുന്ന അശോക് ഗെഹലോട്ട് മത്സരത്തില്‍ നിന്ന് പിന്‍മാറിയത് ഒരാള്‍ക്ക് ഒരു പദവി എന്ന നയം കാരണമാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്നതായിരുന്നു ഹൈക്കമാന്‍ഡ് നിര്‍ദേശം.

 

അതേസമയം, തെരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന നടക്കും. വൈകീട്ടോടെ അംഗീകരിക്കപ്പെട്ട പത്രികകള്‍ ഏതെന്ന് വ്യക്തമാകും. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശശി തരൂര്‍, കെ എന്‍ ത്രിപാഠി എന്നിവരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. ഖാര്‍ഗെയും തരൂരും അഞ്ച് പത്രികകളാണ് സമര്‍പ്പിച്ചത്. തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരക സന്ദര്‍ശനത്തിന് ശേഷം ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളിലെ വോട്ടര്‍മാരായ നേതാക്കളുമായി തരൂര്‍ കൂടിക്കാഴ്ച നടത്തും.

തെരഞ്ഞെടുപ്പില്‍ ജി23 നേതാക്കളും പിന്തുണയ്ക്കുന്നത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയാണ്. ആനന്ദ് ശര്‍മ, മനീഷ് തിവാരി എന്നിവര്‍ ഖാര്‍ഗെയുടെ പ്രതികയില്‍ ഒപ്പിട്ടു. ജി23 പ്രതിനിധിയായല്ല താന്‍ മത്സരിക്കുന്നതെന്ന് തരൂര്‍ വ്യക്തമാക്കിയിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, മറാഠി എന്നീ ഭാഷകളില്‍ പ്രാവീണ്യമുള്ള ഖാര്‍ഗെ ഏറെക്കാലം കര്‍ണാടക കാബിനറ്റ് മന്ത്രിയായിരുന്നു.

2005ല്‍ കര്‍ണാടക പിസിസി അദ്ധ്യക്ഷനായിരുന്ന ഖാര്‍ഗെ പിന്നീട് പ്രതിപക്ഷ നേതാവായി. 2009ലാണ് ആദ്യമായി ലോക്‌സഭ അംഗമാകുന്നത്. യുപിഎ മന്ത്രിസഭയില്‍ തൊഴിയില്‍ വകുപ്പ് മന്ത്രിയായി. റെയില്‍ മന്ത്രാലയത്തിന്റെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2014ല്‍ ലോക്‌സഭ തെരഞ്ഞെടുക്കപ്പെട്ട ഖാര്‍ഗെ കോണ്‍ഗ്രസ് സഭാ കക്ഷി നേതാവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here