ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ ചെരുപ്പേറ്. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് കെജ്രിവാളിന് നേരെ ചെരുപ്പേറുണ്ടായത്.

വാര്‍ത്തലേഖകര്‍ക്കിടയില്‍ ഇരിക്കുകയായിരുന്ന വേദ്പ്രകാശ് എന്നയാളാണ് ഡല്‍ഹി മുഖ്യമന്ത്രിക്ക് നേരെ ചെരുപ്പെറിഞ്ഞത്. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയവര്‍ ചേര്‍ന്ന് രൂപീകരിച്ച ആം ആദ്മി സേന എന്ന സംഘടനയുടെ പ്രവര്‍ത്തകനാണ് താനെന്ന് ഇയാള്‍ അവകാശപ്പെട്ടു.

ഒരു ആം ആദ്മ പ്രവര്‍ത്തകന്‍ തടഞ്ഞത് കൊണ്ട് കെജ്രിവാളിന് ഏറ് കൊണ്ടില്ല. വേദ്പ്രകാശിനെ പിന്നീട് സുരക്ഷാഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിന്ന് മാറ്റി.

ഡല്‍ഹിയില്‍ നടപ്പാക്കുന്ന സി.എന്‍.ജി. ഫിറ്റനസ് പദ്ധതിയില്‍ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി താന്‍ നല്‍കിയ പരാതി കെജ്രിവാള്‍ അവഗണിച്ചെന്നും ആരോപിച്ചാണ് വേദ്പ്രകാശ് ചെരുപ്പേറ് നടത്തിയത്.

ഒറ്റ-ഇരട്ടനമ്പര്‍ വാഹനനിയന്ത്രണം ഏപ്രില്‍ 15 മുതല്‍ വീണ്ടും നടപ്പാക്കുന്ന കാര്യം പ്രഖ്യാപിക്കാനാണ് കെജ്‌രിവാള്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. ഡല്‍ഹി ഗതാഗത മന്ത്രി ഗോപാല്‍ റായിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

അതേസമയം ചെരുപ്പെറിഞ്ഞ സംഭവത്തെ അപലപിച്ച കോണ്‍ഗ്രസ് നേതാവ് പി.സി.ചാക്കോ   കെജ്‌രിവാളിന്റെ ഏകാധിപത്യ സ്വഭാവമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് കുറ്റപ്പെടുത്തി. മറ്റേതെങ്കിലും പാര്‍ട്ടിയിലുള്ളവരല്ല അക്രമം നടത്തിയത്, കെജ്‌രിവാളിന്റെ ഏകാധിപത്യപരമായ പ്രവര്‍ത്തനശൈലിയാണ് ഇത്തരം സംഭവങ്ങള്‍ക്ക് വഴിവയ്ക്കുന്നത് ചാക്കോ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here