മയാമി ∙ പ്രവാസി മലയാളികളുടെ ഒരുമയുടെ സ്വരമാണ് ‘ഫോമ’ അറുപത്തിയഞ്ച് മലയാളി സംഘടനകളുടെ കൂട്ടായ ശബ്ദം ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്.

ഈ വലിയ കുടക്കീഴിൽ നിന്ന് ഇന്ന് ജന്മനാട്ടിൽ സഹവർത്തിത്വത്തിന്റെയും സഹകരണത്തിന്റെയും കർമ്മമേഖലകളിൽ കാലം മായ്ക്കാൻ കഴിയാത്ത മഹത്തായ കാരുണ്യത്തിന്റെ കർമ്മ പദ്ധതി ഏറ്റെടുത്ത് മുന്നേറുമ്പോൾ സുമനസ്സുകൾക്ക് അതിൽ പങ്കാളികളാകാതിരിക്കുവാൻ കഴിയില്ല.

ഫോമയുടെ തിലകകുറിയായി മാറുന്ന തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ ശിശുരോഗ വിഭാഗം ക്യാൻസർ ചികിത്സാ കെട്ടിട നിർമ്മാണം ത്വരിതപ്പെടുമ്പോൾ അതിനായുളള ധനസമാഹരണ മാർഗ്ഗം ആലോചിച്ചു.

ഫോമയുടെ പ്രസിഡന്റ് ആനന്ദൻ നിരവേലിന്റെ ഭവനത്തിൽ ഡിസംബറിൽ സൗത്ത് ഫ്ലോറിഡായിലെ എല്ലാ മലയാളി സംഘടനകളെയും പ്രവർത്തകരെയും ഒരുമിച്ച് ചേർത്ത് ഒരു ആലോചനാ മീറ്റിങ് നടത്തി.

ഒരു ലക്ഷം ഡോളർ ഈ പ്രോജക്ടിനായി ചെലവ് വരുമെന്ന് പ്രസിഡന്റ് ആനന്ദൻ നിരവേലും, ട്രഷറർ ജോയി ആന്റണിയും വിശദീകരിച്ചു. അതുകൊണ്ട് മയാമിയിൽ ഒരു ഫണ്ട് റെയിസിങ്ങ് നടത്താമെന്ന് തീരുമാനിച്ചു.

അതിനായി പതിനൊന്ന് പേരടങ്ങിയ ഒരു കമ്മിറ്റി സ്വമേധയാ മുന്നോട്ടു വരുകയും ഇവന്റിന്റെ ചെയർപേഴ്സണായി സാമുവൽ തോമസിനെ നിർദ്ദേശിക്കുകയും ചെയ്തു.

ഫണ്ട് റെയിസിങ്ങിനായുളള കമ്മിറ്റി ഏകകണ്ഠേന തീരുമാനിച്ചത് നാട്ടിൽ നിന്നും പണം കൊടുത്ത് കൊണ്ടുവരുന്ന ഒരു കലാപരിപാടിയിൽ നിന്നാകരുത് ഈ മഹത്തായ സംരംഭത്തിൽ പണം സ്വരൂപിക്കുന്നത്. ഇവിടെയുളള കലാകാരന്മാർ ചേർന്നവതരിപ്പിക്കുന്ന ഒരു പരിപാടിയിൽ നിന്നായിരിക്കണം. അങ്ങനെ സംഗമം തീയേറ്റേഴ്സ് മയാമി എന്ന നാടക സമിതി തങ്ങളുടെ 3–ാം മത് നാടകമായ ‘ഫെയ്സ് ബുക്കിൽ കണ്ട മുഖം’ വേദിയിൽ അവതരിപ്പിക്കുവാൻ സന്തോഷ പൂർവ്വം മുന്നോട്ടു വരുകയും ചെയ്തു.

സൗത്ത് ഫ്ലോറിഡായിലെ 3– കൗണ്ടികളായ പാംബീച്ച് മുതൽ മയാമി വരെയുളള മലയാളി സംഘടനകൾ ഈ പരിപാടിയുടെ വിജയത്തിനായി ഒന്നിച്ചു ചേർന്നു.

കേരള അസോസിയേഷൻ ഓഫ് പാംബീച്ച്, കേരള സമാജം ഓഫ് ഫ്ലോറിഡ, നവകേരള ആർട്സ് ക്ലബ്, മയാമി മലയാളി അസോസിയേഷൻ എന്നീ സംഘടനകളും ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ തുടങ്ങിയ സാമൂഹ്യ, രാഷ്ട്രീയ, കായിക സംഘടനകളും കൂടാതെ വിവിധ സഭാ വിഭാഗങ്ങളും പളളികളും ഈ സൽകർമ്മ പരിപാടികളിൽ പങ്കുചേർന്നത് ഫോമയ്ക്കു വലിയ പ്രചോദനമായി.

സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാ. ജോർജ് ജോൺ പളളിയുടെ ആദ്യ സ്പോൺസർഷിപ്പ് തുക അനുഗ്രഹിച്ച് നൽകിയത് ഇന്ന് നാല്പതിനായിരത്തിലധികം ഡോളർ തുകയിൽ എത്തിനില്ക്കുകയാണ്.

സംഗമം തിയേറ്റേഴ്സ മയാമി നാടക സമിതിയുടെ ‘ഫെയ്സ് ബുക്കിൽ കണ്ട മുഖം’ 2016 ഏപ്രിൽ 9–ാം തിയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് കൂപ്പർ സിറ്റി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ, മൂല്യങ്ങൾ ചോർന്നു പോകുന്ന വർത്തമാനകാല മലയാളിയുടെ ജീവിതഗന്ധിയായ സംഭവങ്ങൾ കോർത്തിണക്കിയ സാമൂഹ്യ സംഗീത നാടകം വേദിയിൽ അവതരിപ്പിക്കപ്പെടുമ്പോൾ സംഗമം തീയേറ്റേഴ്സിലെ അരങ്ങിലും അണിയറയിലുമുളള എല്ലാ കലാകാരന്മാരും ഫോമയുടെ ഈ ജീവകാരുണ്യ സംരംഭത്തിൽ അഭിമാനത്തോടെ പങ്കാളികളാകുന്നു.

വേദിയിൽ എത്തുന്ന റോബിൻസ് ജോസ്, ജോയി, കുറ്റ്യാനി, ജെസി പാറത്തുണ്ടിൽ, ജോർജ് കുളം, ട്രീസാ ജോയി, ശ്രീജിത്ത് കാർത്തികേയൻ, ചാർലി പോറത്തൂർ, ഷിബു ജോസഫ്, ഏബൽ റോബിൻസ്, ഷീല ജോസ്, ടോം ജോസ്, റീനു ജോണി, ജിസ്മോൻ ജോയി, അജി വർഗീസ് എന്നിവരും പിന്നണിയിൽ നോയൽ മാത്യു സംവിധാനവും ബിജു ഗോവിന്ദൻകുട്ടി സ്റ്റേജും, പരസ്യകലയും സാം പാറത്തുണ്ടിലും, റോബർട്ട് ജെയിംസ് ലൈറ്റും, ബിനു ജോസ് സൗണ്ടും, സാജു വടക്കേൽ, ഷിബു ജോസഫ്, സജി സക്കറിയാസ്, ഷെൻസി മാണി, ജിനോയി, ജോജോ വാത്യേലിൽ എന്നിവർ പ്രൊഡക്ഷൻ ടീമായും, ബാബു കല്ലിടുക്കിൽ ഓഫീസ് നിർവ്വഹണവും നടത്തുന്ന സംഗമം തിയേറ്റേഴ്സിന്റെ 3–ാം മത് സാമൂഹ്യ സംഗീത നാടകമാണ് ‘ഫെയ്സ് ബുക്കിൽ കണ്ട മുഖം’.

ഫോമയുടെ അഞ്ചാമത് കൺവൻഷൻ മയാമിയുടെ മണിമുറ്റത്ത് അരങ്ങേറുവാൻ ഇനി തൊണ്ണൂറ് ദിവസം ബാക്കി നില്ക്കുമ്പോൾ ഒരു കാലഘട്ടത്തിൽ മലയാളിയുടെ സർഗ്ഗചേതനയെ പ്രചോദിപ്പിച്ച് ഇന്ന് വിസ്തൃതിയിലേക്ക് ഏതാണ്ട് തളളപ്പെട്ടുകൊണ്ടിരിക്കുന്ന നാടകം അരങ്ങിൽ ഫോമ എത്തിക്കുമ്പോൾ ഇവിടെ ഫോമയും ഒരു മാതൃകയാക്കുകയാണ്. പ്രൊഫഷണൽ കലാകാരന്മാരിൽ നിന്ന് തദ്ദേശീയ കലാകാരന്മാരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അതിലധികം വളരെ കുറഞ്ഞ ചെലവിൽ ഈ വലിയ കാരുണ്യ പ്രവർത്തനത്തിന് ഫണ്ട് സമാഹരിക്കുന്നതിനും കഴിഞ്ഞു എന്ന് ഫോമയ്ക്കും അഭിമാനപൂർവ്വം ഓർമ്മിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here