ന്യൂഡൽഹി: ഡാറ്റ എൻട്രി ജോലി വാഗ്‌ദ്ധാനം ചെയ്‌ത് തായ്‌ലൻഡിൽ നിന്നും മ്യാൻമാറിലേക്ക് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരിൽ 13 പേർ മോചിതരായി. തമിഴ്‌നാട് സ്വദേശികളായ ഇവരെല്ലാം തായ്‌ലൻഡിൽ നിന്നുള‌ള പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തി. അതേസമയം വിസ ചട്ടങ്ങൾ ലംഘിച്ചെന്ന പേരിൽ മൂന്ന് മലയാളികളടക്കം ആറുപേരെ തായ്‌ലൻഡ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. സായുധസംഘം മ്യാവഡി എന്ന സ്ഥലത്തെ പൊലീസ് സ്‌റ്റേഷനുമുന്നിൽ ഇവരെ തള‌ളിയ ശേഷം കടന്നുകളഞ്ഞതോടെയാണ് ഇവർ അറസ്‌റ്റിലായത്.മലയാളികളായ തിരുവനന്തപുരം വർക്കല സ്വദേശി നിധീഷ് ബാബു, ആലപ്പുഴ സ്വദേശികളായ സിനാജ് സലീം, മുഹമ്മദ് ഇജാസ് എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. മറ്റ് മൂന്നുപേരും തമിഴ്‌നാട്ടുകാരാണ്. ഇവരെ രക്ഷപ്പെടുത്താൻ ഇന്ത്യൻ എംബസി തീവ്ര ശ്രമം തന്നെ നടത്തുന്നുണ്ട്.തായ്‌ലാൻഡിൽ ഡാറ്റ എൻട്രി ജോലിയ്‌ക്കായി എത്തിയ ഇന്ത്യക്കാരെ ഭീഷണിപ്പെടുത്തി സൈബർ കുറ്റകൃത്യങ്ങളടക്കം ചെയ്യിക്കുകയും എതിർത്തപ്പോൾ തടവിലാക്കുകയുമായിരുന്നു. ഈ ജോലി തട്ടിപ്പുകാരുടെ തടവിൽ നിന്നാണ് ഇന്ന് 13 പേർ മോചിതരായിരിക്കുന്നത്. പിടിയിലായ പ്രദേശം വിമത നിയന്ത്രണത്തിലുള‌ള പ്രദേശമായതിനാൽ തായ് സർക്കാരിന് കാര്യമായി രക്ഷാപ്രവർത്തനം നടത്താനായിരുന്നില്ല. ഇതാണ് മോചനം വൈകാനിടയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here