ന്യൂഡൽഹി: വിജയ ദശമി ദിനത്തിൽ പതിനായിരത്തോളം പേർ ബുദ്ധമതം സ്വീകരിച്ച പരിപാടിയിൽ പ​ങ്കെടുത്ത് വിവാദത്തിലായ ഡൽഹി സാമൂഹിക ക്ഷേമ മന്ത്രിയും എ.എ.പി നേതാവുമായ രാജേന്ദ്ര പാൽ ഗൗതം രാജിവെച്ചു. പരിപാടിയിൽ ഹിന്ദു ദേവതകളെയും ദേവൻമാരെയും ആരാധിക്കില്ലെന്നും ഹിന്ദു ആചാരങ്ങൾ പാലിക്കില്ലെന്നും പ്രതിജ്ഞയെടുക്കാൻ ആവശ്യപ്പെടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അതൃപ്തി അറിയിക്കുകയും ചെയ്തു. അതിനു പിന്നാലെയാണ് മന്ത്രിയുടെ രാജി. എന്നാൽ ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതിനു പിന്നിൽ ബി.ജെ.പിയാണെന്ന് രാജേന്ദ്ര പാൽ ഗൗതം ആരോപിച്ചിരുന്നു.

 

പരിപാടിക്കിടെ ആരുടെയെങ്കിലും മതവിശ്വാസം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ പുറത്തായതോടെയാണ് പരിപാടിക്കെത്തിയ മന്ത്രിയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ ഹിന്ദുക്കളുടെ വിശ്വാസം വ്രണപ്പെടുത്തിയ ഗൗതമിനെ പുറത്താക്കണമെന്ന് ബി.ജെ.പി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ആവശ്യപ്പെട്ടിരുന്നു.

ഡല്‍ഹിയിലെ അംബേദ്കര്‍ ഭവനിലാണ് പതിനായിരത്തോളം ആളുകള്‍ ഒത്തുകൂടുകയും ബുദ്ധമതം സ്വീകരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തത്. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹിയിലെ സാമൂഹ്യക്ഷേമ മന്ത്രിയുമായ രാജേന്ദ്ര പാല്‍ ഗൗതവും ഭാരതീയ ബോധ് മഹാസഭയും, ബുദ്ധിസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഡോ. ബി.ആർ അംബേദ്കറിന്റെ മരുമകനായ രാജ്‌രത്ന അംബേദ്കറിനൊപ്പം ബുദ്ധിസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റും നിരവധി ബുദ്ധ സന്യാസിമാരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. മിഷന്‍ ജയ് ഭീം സ്ഥാപകനായ മന്ത്രി പരിപാടിയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. ‘ബുദ്ധ മതത്തിലേക്കുള്ള പരിവർത്തനത്തെ നമുക്ക് ജയ് ഭീം എന്ന് വിളിക്കാം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

പരിപാടിക്കിടെ ഹിന്ദു ദേവന്മാരെയും ദേവതകളെയും ആരാധിക്കില്ലെന്നും ഹിന്ദു ആചാരങ്ങള്‍ പാലിക്കില്ലെന്നും പ്രതിജ്ഞയെടുക്കാന്‍ ആളുകളോട് ആവശ്യപ്പെടുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചതാണ് വിവാദമായത്. വിഡിയോ വൈറലായതോടെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here