വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ചാന്‍സലര്‍ക്ക് പാനല്‍ നല്‍കുന്നതിനു പകരം സര്‍ക്കാര്‍ ഒരു വ്യക്തിയുടെ പേര് മാത്രമാണ് നല്‍കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി: ഡോ.എപിജി അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം സുപ്രീം കോടതി റദ്ദാക്കി. ഡോ.എം.എസ് രാജശ്രീയുടെ നിയമനമാണ് ജസ്റ്റീസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവരുടെ രണ്ടംഗ ബെഞ്ച് റദ്ദാക്കിയത്.

വി.സി നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന് കോടതി നേരത്തെ വാദം കേള്‍ക്കുന്നതിനിടെ നിരീക്ഷിച്ചിരുന്നു. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ചാന്‍സലര്‍ക്ക് പാനല്‍ നല്‍കുന്നതിനു പകരം സര്‍ക്കാര്‍ ഒരു വ്യക്തിയുടെ പേര് മാത്രമാണ് നല്‍കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.

യൂണിവേഴ്‌സിറ്റി മുന്‍ ഡീന്‍ ശ്രീജിത്ത് ആണ് ഹര്‍ജിക്കാരന്‍. വി.സിയായുള്ള രാജശ്രീയുടെ നിയമനം 013ലെ യുജിസി ചട്ടത്തിന്റെ ലംഘനമെന്ന് ശ്രീജിത്ത് ചൂണ്ടിക്കാട്ടി. പത്രവാര്‍ത്തകളിലൂടെയാണ് വി.സി നിയമനം അറിഞ്ഞതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ യുജിസി ചട്ടത്തിന്റെ ലംഘനമല്ലെന്നും സര്‍ക്കാരിന്റെ അധികാരമുപയോഗിച്ചാണെന്നും സര്‍ക്കാരും രാജശ്രീയുടെ അഭിഭാഷകനും വാദിച്ചു. രാജശ്രീയുടെ യോഗ്യതയില്‍ ആര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ലെന്നും നിയമനം മാത്രമാണ് ചോദ്യം ചെയ്തിരിക്കുന്നതെന്നും അവരുടെ അഭിഭാഷകന്‍ അറിയിച്ചു. ഇത് കോടതി പരിഗണിച്ചില്ല.

വി.സിയുടെ കാലാവധി അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകുമെന്ന് അവരുടെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ ഫെബ്രുവരിയാകാന്‍ കാത്തിരിക്കാതെ നേരത്തെ പിരിഞ്ഞുപോയതുകൊണ്ട് കുഴപ്പമുണ്ടോ എന്നായിരുന്നു കോടതിയില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനം.

സര്‍ക്കാരിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയാണ് ഹാജരായത്. നേരത്തെ ഈ ആവശ്യം ഉന്നയിച്ചുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here