ആഷാ മാത്യു

‘എത്ര നാള്‍ ജീവിച്ചിരുന്നുവെന്നല്ല, എത്ര നന്നായി ജീവിച്ചിരുന്നുവെന്നതാണ് പ്രധാനം’. അപ്രതീക്ഷിത മരണത്തിലൂടെ കുടുംബാംഗങ്ങളെ തനിച്ചാക്കി കടന്നുപോയ മാധ്യമപ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് തടത്തിലിന്റെ കാര്യത്തില്‍ ഈ വാക്കുകള്‍ അനുചിതമാണ്. അകാലത്തിലെ മരണമായിരുന്നു. ഇതിനു മുന്‍പ് മരിക്കുമെന്ന് കരുതിയ നിമിഷങ്ങളില്‍ നിന്നെല്ലാം കൂടെയുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കി തിരികെ വന്ന അദ്ദേഹം ഒടുവില്‍ ആരും പ്രതീക്ഷിക്കാത്ത സമയത്ത് കടന്നുപോയി. ജീവിച്ചിരുന്നത് ചുരുങ്ങിയ സമയമാണെങ്കിലും ആ സമയം കൊണ്ട് അദ്ദേഹം അനേകരുടെ സൗഹൃദം സമ്പാദിച്ചു.

മറ്റുള്ളവര്‍ക്ക് പ്രീയങ്കരമായ ജീവിതത്തിലൂടെ കടന്നുപോയ ഫ്രാന്‍സിസ് തടത്തിലിനെ അവസാനമായി കാണാനും യാത്ര പറയാനുമായി അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായി നൂറുകണക്കിനാളുകളാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതു ദര്‍ശനത്തിനു വെച്ച ന്യൂജേഴ്‌സിയിലെ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ചര്‍ച്ചിലേക്കെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് പൊതുദര്‍ശനം അനുവദിച്ചിരുന്നത്. ഫ്രാന്‍സിസ് തടത്തിലുമായി ഒരിക്കലെങ്കിലും സംസാരിച്ചിട്ടുള്ളവര്‍ പ്രസന്നമായ ആ മുഖവും എനര്‍ജിയോടെയുള്ള ആ സംസാരവും ഓര്‍ത്തുവെക്കും.

ചിക്കാഗോ രൂപതയുടെ മുന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്്റ്റീഫന്‍, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സുനില്‍ തൈമറ്റം, ഫൊക്കാന മുന്‍ പ്രസിഡന്റും കേരളാ ടൈംസ് എംഡിയുമായ പോള്‍ കറുകപ്പിള്ളില്‍, ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, റോക്ക്‌ലാന്‍ഡ് ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് സണ്ണി പൗലോസ്, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍ സജി പോത്തന്‍, ഫാ. ഷിബു ഡാനിയല്‍, സജിമോന്‍ ആന്റണി തുടങ്ങി നിരവധിയാളുകള്‍ ഫ്രാന്‍സിസ് തടത്തിലിന് അനുശോചനമര്‍പ്പിച്ച് സംസാരിച്ചു.

അനുസ്മരണ സന്ദേശത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളില്‍ പലര്‍ക്കും തൊണ്ടയിടറി തങ്ങളുടെ വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. കണ്ണീരോടെയാണ് ഓരോരുത്തരും ഫ്രാന്‍സിസിനെ ഓര്‍ത്തെടുത്തത്. വേര്‍പാട് ആഴമായ വേദന നല്‍കുന്നുവെങ്കിലും ഈ വിടവാങ്ങല്‍ മറ്റൊരു ജീവിതത്തിലേക്കുള്ള പ്രവേശന കവാടമാണെന്ന് അനുശോചന സന്ദേശത്തില്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പറഞ്ഞു. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് നാം ചോദിക്കുന്നതിന് ഉത്തരമില്ലെന്നും അദ്ദേഹം പറഞ്ഞു.

രോഗം ശരീരത്തെ തളര്‍ത്തിയപ്പോഴും മനസ്സിനെ തളര്‍ന്നുപോകാനനുവദിക്കാതെ ശക്തമായി പോരാടി പ്രതിബന്ധങ്ങളെ അതിജീവിച്ച മനുഷ്യന്‍ ഒടുവില്‍ വിട പറഞ്ഞപ്പോള്‍ ആ വേര്‍പാട് കുടുംബത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു. ശനിയാഴ്ച രാവിലെ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ചര്‍ച്ചിലെ സംസ്‌കാര ശുശ്രൂഷാച്ചടങ്ങുകള്‍ക്കു ശേഷം ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍ ഫ്രാന്‍സിസ് തടത്തിലിന്റെ സംസ്‌കാരം നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here