ചെന്നൈ: കോയമ്പത്തൂരിൽ കാർ പൊട്ടിത്തറിച്ച് യുവാവ് മരിച്ച സംഭവം ചാവേർ ആക്രമണമെന്ന് സൂചന. ഇന്നലെ പുലർച്ചെ നാലോടെയാണ് ടൗൺ ഹാളിന് സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിൽ കാറിലുണ്ടായ സ്ഫോടനത്തിൽ യുവാവ് മരിച്ചത്. കാറിലുണ്ടായിരുന്ന പാചകവാതക സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഉക്കടം സ്വദേശിയും എഞ്ചിനീയറിംഗ് ബിരുദധാരിയുമായ ജമേഷ മുബിൻ (25) ആണ് മരിച്ചത്.

ജമേഷ മുബിനെ 2019ൽ ഐ എസ് ബന്ധം ആരോപിച്ച് എൻ ഐ എ ചോദ്യം ചെയ്തിരുന്നു. ഇയാളുടെ വീട്ടിൽ എൻ ഐ എ റെയ്‌ഡ് നടത്തിയിട്ടുള്ളതായും പൊലീസ് വ്യക്തമാക്കി. ജമേഷയുടെ വീട്ടിൽ നടന്ന പരിശോധനയിൽ സ്‌ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തിയതാണ് ചാവേർ ആക്രമണമാണെന്ന സംശയത്തിന് കാരണം.

ചെക്ക് പോസ്റ്റിൽ പൊലീസിനെ കണ്ട് യുവാവ് കാറിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇയാൾ മാത്രമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. പൊള്ളാച്ചിക്ക് സമീപം താമസിക്കുന്ന പ്രഭാകരൻ എന്നയാളുടേതാണ് കാർ. സ്ഫോടത്തിൽ കാർ രണ്ടായി തകർന്നു. കാറിൽ നിന്ന് പൊട്ടാത്ത മറ്റൊരു എൽ പി ജി സിലിണ്ടർ, സ്റ്റീൽ ബോളുകൾ, ഗ്ളാസ് കല്ലുകൾ, അലുമിനിയം, ഇരുമ്പ് എന്നിവയും കണ്ടെടുത്തു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ക്ഷേത്ര കവാടത്തിലെ താത്‌കാലിക ഷെൽട്ടർ ഭാഗികമായി തകർന്നു.

സ്‌ഫോടനത്തിന് പിന്നാലെ കോയമ്പത്തൂർ ജില്ലയിൽ ഉടനീളം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. തമിഴ്‌നാട്ടിൽ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദീപാവലി ആഘോഷം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി. സംസ്ഥാന പൊലീസ് മേധാവി നേരിട്ട് സുരക്ഷാ മേൽനോട്ടം ഏകോപിപ്പിക്കുകയാണ്. നഗരത്തിലേയ്ക്ക് കടക്കുന്ന വാഹനങ്ങളിലടക്കം പരിശോധന നടത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here