തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെയും വൈസ് ചാൻസലർമാരോട് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട ഗവർണർക്ക് മറുപടി നൽകാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. വി സിമാരോട് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുവദിച്ച സമയം രാവിലെ 11.30ഓടെ അവസാനിക്കും. ഇതിനിടെയാണ് വിഷയത്തിൽ സർക്കാർ നിലപാട് അറിയിക്കാൻ മുഖ്യമന്ത്രി രാവിലെ 10.30ന് പാലക്കാട് മാദ്ധ്യമങ്ങളെ കാണുന്നത്. നിലവിൽ വി സിമാർ ആരും തന്നെ രാജിസന്നദ്ധത അറിയിച്ചിട്ടില്ല. രാജിവയ്ക്കേണ്ടതില്ലെന്ന നിർദേശമാണ് സർക്കാരും നൽകിയിട്ടുള്ളത്.

 

കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, കുസാറ്റ്, കാലടി, ഫിഷറീസ്, കെടിയു, മലയാളം സർവ്വകലാശാല വിസിമാർക്കാണ് രാജിക്കുള്ള അന്ത്യശാസനം ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്. യുജിസി മാർഗനിർദേശം ലംഘിച്ചുള്ള നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതിൽ സെർച്ച് കമ്മിറ്റി ഒറ്റപ്പേര് നൽകിയതിനാലാണ് കേരള, എംജി, കണ്ണൂർ, കെടിയു, ഫിഷറീസ് കാലടി വിസിമാർ രാജിവെക്കേണ്ടത്. ബാക്കി കാലിക്കറ്റ്, കുസാറ്റ്, മലയാളം വിസിമാർ പുറത്തുപോകേണ്ടത് സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ദ്ധർ ഇല്ലാത്ത സാഹചര്യത്തിലാണ്. പല കാലങ്ങളിലായി നടന്ന നിയമനങ്ങളാണ് ഒറ്റയടിക്ക് സമയപരിധി വച്ച് ഗവർണർ അസാധുവാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here