കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം ക്രൈംബ്രാഞ്ച് അന്വേഷിക്കും. എഡിജിപി: അനന്തകൃഷ്ണൻ നേതൃത്വം നൽകും. വെടിക്കെട്ടിലെ മൽസരക്കമ്പം നിയമവിരുദ്ധമാണെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ചട്ടം കർശനമായി നടപ്പാക്കും. നിയമങ്ങൾ കൂടുതൽ കർക്കശമാക്കും . പുതിയ നിബന്ധനകൾ കൊണ്ടുവരും. നളിനി നെറ്റോയെ ഇക്കാര്യത്തിൽ ചുമതലപ്പെടുത്തി.

സംഭവത്തെത്തുടർന്നു കരാറുകാരൻ സുരേന്ദ്രന്റെ പടക്കനിർമാണശാലയിൽ റെയ്ഡ് നടത്തി. കഴക്കൂട്ടത്തെ റെയ്ഡിൽ അഞ്ച് തൊഴിലാളികൾ കസ്റ്റഡിയിലായി. എട്ടുചാക്ക് പടക്കനിർമാണസാമഗ്രികളടക്കം പിടിച്ചെടുത്തു.

കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തിയത് പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്നു സിറ്റി പൊലീസ് കമ്മീഷണർ. വെടിക്കെട്ടിനു വാക്കാൽ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.നിർത്താൻ ആവശ്യപ്പെട്ടിട്ടും കേട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ മനോരമ ന്യൂസിനോട് പറഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വെടിക്കെട്ടു നടക്കുന്ന സ്ഥലമാണ് പുറ്റിങ്ങൽ ദേവീക്ഷേത്രം. വർഷങ്ങളായി ഇവിടെ മൽസരവെടിക്കെട്ടു നടക്കാറുണ്ട്. വെടിക്കെട്ട് നടക്കുന്ന മൈതാനത്തിനു സമീപം പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉടമകൾ വെടിക്കെട്ടിനെതിരെ ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു. ദുരന്തത്തിന് സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഈ നീക്കം. തുടർന്ന് ജില്ലാഭരണകൂടം മൽസരവെടിക്കെട്ടിന് വിലക്ക് ഏർപ്പെടുത്തി. ഇതിന് ഇളവ് അനുവദിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടെങ്കിലും അധികൃതർ വഴങ്ങിയില്ല. ഇതേത്തുടർന്ന് വിലക്ക് ലംഘിച്ചാണ് ക്ഷേത്രത്തിൽ വൻതോതിൽ കരിമരുന്നു ശേഖരിച്ചത്.

ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് വെടിക്കെട്ട് തുടങ്ങിയത്. പുലർച്ചെ മൂന്നരയോടെ പൊലീസ് ഇടപെട്ട് വെടിക്കെട്ട് അവസാനിപ്പിക്കണമെന്ന് ഉൽസവക്കമ്മിറ്റി ഭാരവാഹികളോട് നിർദേശിച്ചു. അവർ വെടിക്കെട്ട് കരാറുകാർക്ക് വെടിക്കെട്ടു നിർത്താൻ നിർദേശം കൊടുക്കുന്നതിനു തൊട്ടുമുമ്പാണ് അപകടമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here