ഹൈദരാബാദ് : തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആർ,​എസിന്റെ നാല് എം.എൽ.എമാരെ കോടികൾ വാഗ്ദാനം നൽകി ബി.ജെ.പിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റാരോപിതരെ വിട്ടയയ്ക്കാൻ കോടതി ഉത്തരവിട്ടു. അഴിമതി വിരുദ്ധ ബ്യൂറോ കോടതിയാണ് അറസ്റ്റിലായ മൂന്നുപേരെയും വിട്ടയയ്ക്കാൻ ഉത്തരവിട്ടത്. പൈലറ്റ് രോഹിത് റെഡ്ഡി എം.എൽ.എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സതീഷ് ശർമ്മ,​ നന്ദകുമാർ,​ സിംഹയാജി സ്വാമി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

 

പാർട്ടി മാറാൻ കൈക്കൂലി വാഗ്ദാനം നൽകിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. എന്നാൽ അറസ്റ്റിന് നടപടിക്രമങ്ങൾ പാലിച്ചില്ല,​ അറസ്റ്റിന് മുൻപ് നോട്ടീസ് നൽകിയില്ല എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടി റിമാൻഡ് അപേക്ഷ തള്ളിയിരുന്നു. ക്രിമിനൽ ഗൂഢാലോചന, കൈക്കൂലി വാഗ്ദാനം, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. ടി.ആർ.എസ് വിട്ട് ബി.ജെ.പിയിൽ ചേരാൻ പ്രതികൾ 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് എഫ്‌.ഐ.ആറിലുള്ളത്. എം.എൽ.എമാരെ പാർട്ടി സമീപിച്ചതായി അറിവില്ലെന്ന് തെലങ്കാനയിലെ ബി.ജെ.പി നേതൃത്വം വ്യക്തമാക്കിയിരുന്നു. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കടക്കുന്നതിന്‍റെ ഭാഗമായി ഈ മാസം ആദ്യം ടി.ആർ.എസ് അതിന്റെ പേര് ഭാരത് രാഷ്ട്ര സമിതി എന്നാക്കി മാറ്റിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here