2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു വ്യക്തമാക്കി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവാഴ്ചയാണ് ട്രംപ് ഇക്കാര്യം ഔപചാരികമായി പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിനു മുന്‍പ് ഫെഡറല്‍ ഇലെക്ഷന്‍ കമ്മീഷനു മുന്‍പാകെ മത്സരിക്കാനുള്ള രേഖകള്‍ അദ്ദേഹം സമര്‍പ്പിച്ചു. ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതീക്ഷിച്ച ചുവപ്പു തരംഗം ഉണ്ടാവാതെ പോയതു ട്രംപിന്റെ തീവ്ര നിലപാടുകള്‍ മൂലമാണെന്ന ആരോപണം കത്തി നില്‍ക്കെയാണ് വീണ്ടും ട്രംപ് മത്സരിക്കാനിറങ്ങുന്നത്.

ഫ്‌ളോറിഡ പാം ബീച്ചിലുള്ള മാര്‍-ആ-ലാഗോ വസതിയിലെ നിറപ്പകിട്ടാര്‍ന്ന ബോള്‍ റൂമില്‍ നൂറു കണക്കിനു അനുയായികളുടെ മുന്‍പില്‍ വെച്ചായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് ഇതു വരെ മറ്റാരും 2024 നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനു രംഗപ്രവേശം ചെയ്തിട്ടില്ല. 2020 ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ തട്ടിപ്പു നടത്തി എന്നാരോപിക്കുന്ന ട്രംപിന് ബൈഡനെ വീണ്ടും എതിര്‍ത്തു തോല്‍പിച്ചു പക വീട്ടുക എന്നതാണ് ഇത്തവണത്തെ പ്രധാന ലക്ഷ്യം.

അതേസമയം ജനുവരി 6ന് നടന്ന കാപിറ്റോള്‍ കലാപത്തിനു നേതൃത്വം നല്‍കി എന്നതുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നേരിടുന്ന ട്രംപിന് ഇലക്ഷനില്‍ മത്സരിക്കുന്നതിന് നിയമകുരുക്കുകള്‍ ഏറെയാണ്. അന്വേഷണങ്ങളും നിയമ നടപടികളും രാഷ്ട്രീയമാണെന്നു സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. നേരത്തെ ആരംഭിക്കുന്ന പ്രചാരണത്തിന്റെ ഒരു ലക്ഷ്യവും അതാണ്. പ്രഖ്യാപനം നടത്തുമ്പോള്‍ ട്രംപ് തന്റെ നാലു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിക്കയും ബൈഡന്റെ ഭരണം അമേരിക്കയെ ദുരിതത്തില്‍ ആഴ്ത്തിയെന്നു ആരോപിക്കയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here