തന്റെ ആസ്തിയില്‍ സിംഹഭാഗവും ഒഴിവാക്കുമെന്ന പ്രഖ്യാപനവുമായി ആമസോണിന്റെ സ്ഥാപകനായ ജെഫ് ബെസോസ്. പത്ത് ലക്ഷം കോടി രൂപയിലേറെ ആസ്തിയുള്ള ജെഫ് ബെസോസ് ദീര്‍ഘകാലം ലോകത്തെ അതിസമ്പന്നരുടെ നിരയില്‍ ഒന്നാമനായിരുന്നു. തന്റെ നിലവിലുള്ള സമ്പത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കാനുള്ള വഴികള്‍ തേടുകയാണെന്ന് അദ്ദേഹം പറയുന്നു. സിഎന്‍എന്ന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍.

പങ്കാളിയായ ലോറെന്‍ സാഞ്ചെസുമായി ചേര്‍ന്നാണ് തീരുമാനം നടപ്പിലാക്കുന്നതെന്നും ജെഫ് ബെസോസ് പറഞ്ഞു. തന്റെ ആസ്തിയില്‍ പത്ത് ബില്യണ്‍ ഡോളര്‍ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനായി ചെലവഴിക്കാന്‍ ജെഫ് ബെസോസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ബെസോസ് എര്‍ത് ഫണ്ട് രൂപീകരിച്ചു. ഇതിന്റെ എക്‌സിക്യുട്ടീവ് ചെയര്‍പേഴ്‌സണാണ് ബെസോസ്. എന്നാല്‍ ബെസോസ് എര്‍ത് ഫണ്ട് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ആമസോണിന്റെ സിഇഒ സ്ഥാനത്ത് നിന്ന് 2021 ലാണ് ബെസോസ് ഒഴിഞ്ഞത്. ഇപ്പോഴും കമ്പനിയില്‍ പത്ത് ശതമാനം ഓഹരി ബെസോസിനുണ്ട്. ആഗോള തലത്തില്‍ കേള്‍വികേട്ട മാധ്യമസ്ഥാപനം വാഷിങ്ടണ്‍ പോസ്റ്റും സ്‌പേസ് ടൂറിസം കമ്പനിയായ ബ്ലൂ ഒറിജിനും ഇദ്ദേഹത്തിന്റേതാണ്. ബ്ലൂ ഒറിജിന്‍ വാണിജ്യ ബഹിരാകാശ നിലയം ആരംഭിക്കുന്നതായി നേരത്തെ ബെസോസ് പ്രഖ്യാപിച്ചിരുന്നു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ‘ഓര്‍ബിറ്റല്‍ റീഫ്’ എന്ന് പേരിട്ടിരിക്കുന്ന സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് അധികൃതര്‍ പദ്ധതിയേക്കുറിച്ച് നേരത്തെ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here