തിരുവനന്തപുരം∙ പാരമ്പര്യപ്രകാരം തന്നെ തൃശൂർ പൂരം നടത്താൻ സർക്കാർ നീക്കം. പൂരം ആഘോഷപൂർവം നടത്തുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കരിമരുന്നു സൂക്ഷിക്കുന്നതിനുള്ള ചട്ടങ്ങൾ പാലിക്കണമെന്നാണ് നിർദേശിച്ചത്. ദേവസ്വം ഭാരവാഹികളുമായി യോജിച്ചു പ്രവർത്തിക്കുമെന്നും കലക്ടർ. നടത്തിപ്പ് സംബന്ധിച്ച വ്യക്തത ഇന്നുണ്ടാകുമെന്ന് കലക്ടർ വി.രതീശൻ അറിയിച്ചു.. അതേസമയം, പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വെള്ളിയാഴ്ച തൃശൂരിലെത്തും.

ജനവികാരം മാനിക്കണമെന്നും സർവകക്ഷിയോഗം നടക്കാനിരിക്കെ ഉദ്യോഗസ്ഥ തീരുമാനം പാടില്ലായിരുന്നുവെന്നും കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് ജനവികാരം മനസ്സിലാക്കി വേണമായിരുന്നു ഇക്കാര്യത്തിൽ തീരുമാനമെടുക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വനംവകുപ്പ് മന്ത്രിയോ ചീഫ് കൺസർവേറ്റീവ് ഓഫിസറോ മുഖ്യമന്ത്രിയോ അറിയാതെ ഒരു ക്ലർക്കാണ് ആനകളെ എഴുന്നെള്ളിപ്പിന് ഇറക്കുമ്പോൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് ഉത്തരവിറക്കിയത്. ഇതു അന്വേഷിക്കപ്പെടേണ്ടതാണെന്നും ദേവസ്വങ്ങൾ ആവശ്യപ്പെട്ടു.

പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ശബ്ദവെടിക്കെട്ടിന് ഏർപ്പെടുത്തിയ കർശന നിയന്ത്രണം പൂരം വെടിക്കെട്ടു പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് ഇളവുതേടുന്നതിന് ദേവസ്വങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മുൻപു വെടിക്കെട്ടിനു സുപ്രീം കോടതി അനുമതി നൽകി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിൽ നിയന്ത്രണവിധേയമായി പുലർച്ചെ വെടിക്കെട്ടു നടത്താൻ അനുമതി തേടിയാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here