യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണം പൊടിപാറവേ, യുഎസ് കോൺഗ്രസിലേക്കും സെനറ്റിലേക്കുമുള്ള മൽസരത്തിനു കച്ചമുറുക്കുന്നവരിൽ മൂന്നു മലയാളികൾ അടക്കം ഏഴ് ഇന്ത്യൻ വംശജരും. കേരളത്തിൽ വേരുകളുള്ള പ്രമീള ജയപാൽ, ലതിക മേരി തോമസ്, പീറ്റർ ജേക്കബ് എന്നിവരാണു വിവിധ സംസ്ഥാനങ്ങളിൽ വരുംമാസങ്ങളിൽ നടക്കുന്ന പ്രൈമറികളിൽ മൽസരിക്കാൻ ഒരുങ്ങുന്നത്.

പാലക്കാട് സ്വദേശിയായ പ്രമീള ജയപാൽ (50) എഴുത്തുകാരിയും ധനകാര്യ വിദഗ്ധയുമാണ്. യുഎസിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ടാണു പ്രവർത്തനം. ഡമോക്രാറ്റ് പിന്തുണ തേടുന്ന പ്രമീള കഴിഞ്ഞവർഷം വാഷിങ്ടൺ സംസ്ഥാന സെനറ്റിലേക്കു മൽസരിച്ചു ജയിച്ചിരുന്നു. മാതാപിതാക്കൾ ബെംഗളൂരുവിലാണു താമസം. കേരളത്തിൽ വേരുകളുള്ള ലതിക മേരി തോമസ് (37) അഭിഭാഷകയാണ്.

ഫ്ലോറിഡയിൽനിന്നു റിപ്പബ്ലിക്കൻ പാർട്ടിയുടെ നാമനിർദേശമാണു തേടുന്നത്. ഇതിനായി ഓഗസ്റ്റിൽ നടക്കുന്ന പ്രൈമറിയിൽ വിജയിക്കണം. ലതികയുടെ പിതാവ് ആലപ്പുഴ സ്വദേശിയും മാതാവ് പാലാക്കാരിയുമാണ്. ഇരുവരും യുഎസിലേക്കു കുടിയേറിയതാണ്. തിരുവല്ലയിൽ ജനിച്ച പീറ്റർ ജേക്കബ് (30) ന്യൂജഴ്‌സിയിൽ നിന്നു മൽസരിക്കാനാണ് ഒരുങ്ങുന്നത്. സാമൂഹിക പ്രവർത്തകനാണ്. ജൂണിലെ പ്രൈമറിയിൽ വിജയിക്കണം.

ആറുമാസം പ്രായമുള്ളപ്പോൾ മാതാപിതാക്കൾക്കൊപ്പം യുഎസിലേക്കു കുടിയേറിയതാണ്. സംസ്ഥാനതലത്തിൽ ഒട്ടേറെ ഇന്ത്യൻ വംശജർ പ്രധാന പദവികളിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും യുഎസ് കോൺഗ്രസിൽ നിലവിൽ ആമി ബേറ മാത്രമാണ് ഇന്ത്യൻ വേരുള്ള ഒരംഗം. സെനറ്റിൽ ഇന്ത്യൻ വംശജർ ആരുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here