ഗര്‍ഭഛിദ്രം നിരോധിക്കുന്ന ജോര്‍ജിയയിലെ നിയമം സംസ്ഥാന സുപ്രീം കോടതി പുനഃസ്ഥാപിച്ചു. ആറാഴ്ച എത്തിയ ഗര്‍ഭം അലസിപ്പിക്കുന്നത് നിരോധിക്കുന്ന നിയമം ഫുള്‍ട്ടന്‍ കൗണ്ടി കോടതി നവംബര്‍ 15 നു മരവിപ്പിച്ചിരുന്നു. ഗവര്‍ണര്‍ ബ്ര്യയാന്‍ കെംപ് അതിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ വിധി. ആറാഴ്ചയാവുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയത്തുടിപ്പു കേള്‍ക്കാന്‍ കഴിയും എന്ന അടിസ്ഥാനത്തിലാണ് സംസ്ഥാനത്തു ആറാഴ്ച എത്തിയ ഗര്‍ഭം അലസിപ്പിക്കരുത് എന്ന നിയമം കൊണ്ടു വന്നത്. ആ ഘട്ടത്തില്‍ ശിശുവും ഒരു വ്യക്തിയാണ് എന്ന നിര്‍വചനം അതില്‍ ഉള്‍പ്പെടുത്തി.

സംസ്ഥാനത്തു ഗര്‍ഭഛിദ്ര സൗകര്യം ലഭ്യമാക്കാനുള്ള പോരാട്ടം തുടരുമെന്നു വിമന്‍സ് ഹെല്‍ത്ത് സെന്റര്‍ ഡയറക്റ്റര്‍ ക്വേജിലിന്‍ ജാക്‌സണ്‍ പറഞ്ഞു. കന്‍സാസില്‍ ഇളവ്. കന്‍സാസില്‍, ടെലിമെഡിസിന്‍ വഴി ഡോക്ടര്‍മാര്‍ ഗര്‍ഭഛിദ്ര മരുന്നുകള്‍ നിര്‍ദേശിക്കുന്നതിനു സംസ്ഥാനം ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഒരു ജില്ലാ കോടതി മരവിപ്പിച്ചു. നാലു ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ ലഭ്യമായ സംസ്ഥാനത്തു ഗര്‍ഭഛിദ്രത്തിനു കൂടുതല്‍ സൗകര്യം നല്‍കുന്ന നടപടിയാണിത്.

ഷെവ്‌നി കൗണ്ടി ജില്ലാ കോടതി ജഡ്ജ് തെരേസ വാട്‌സണ്‍ ആണ് നിരോധനം നടപ്പാക്കുന്ന 2011ലെ നിയമത്തിനു ബുധനാഴ്ച സ്റ്റേ നല്‍കിയത്. ഗര്‍ഭഛിദ്രം മൗലികാവകാശം അല്ലെന്നു വ്യവസ്ഥ ചെയ്യുന്ന നിയമനിര്‍മാണം ജനങ്ങള്‍ അടുത്തിടെ വോട്ടിട്ടു തള്ളിയിരുന്നു കന്‍സാസില്‍. ഇപ്പോള്‍ ലഭിച്ച സ്റ്റേ സ്ത്രീകള്‍ക്ക് വിദൂര സ്ഥലങ്ങളിലും ഗര്‍ഭഛിദ്ര സൗകര്യം പ്രയോജനപ്പെടുത്താന്‍ സഹായിക്കുമെന്ന് സെന്റര്‍ ഫോര്‍ റീപ്രൊഡക്ടിവ് റൈറ്‌സ് പ്രസിഡന്റ് നാന്‍സി നോര്‍ത്തപ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here