ന്യൂഡൽഹി∙ കൊല്ലം പരവൂരിൽ വെടിക്കെട്ടപകടം നടന്ന ദിവസം സ്ഥലം ദുരന്ത സ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ദുരന്ത ദിവസത്തെ സന്ദർശനം പ്രധാനമന്ത്രി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് യച്ചൂരി ഡൽഹിയിൽ പറഞ്ഞു. അതുകൊണ്ടാണ് സംഭവദിവസം താൻ അവിടെ വരാതിരുന്നതെന്നും യച്ചൂരി വ്യക്തമാക്കി.

അതേസമയം, പരവൂർ ദുരന്തസ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു. പരവൂർ ദുരന്തബാധിതരെ പ്രധാനമന്ത്രി ബുദ്ധിമുട്ടിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വിവാദമാക്കുന്ന രീതിയിലുള്ള നീക്കം സംസ്ഥാനത്തിന് അപമാനകരമാണെന്നും കുമ്മനം തിരുവനന്തപുരത്ത് പറഞ്ഞു.

നേരത്തെ, പ്രധാനമന്ത്രിയുടെ സന്ദർശനം പൊള്ളലേറ്റ രോഗികളെ ചികിൽസിക്കുന്നതിന് തടസമായെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞതായി ഒരു ദേശീയ ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ദുരന്തത്തിൽ പരുക്കേറ്റ രോഗികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചതിനെ വിമർശിച്ചെന്ന വാർത്ത ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.രമേശ് നിഷേധിച്ചു. തീവ്രപരിചരണ വിഭാഗത്തിലും വാർഡുകളിലും തിരക്ക് നിയന്ത്രിക്കേണ്ടിയിരുന്നു. അല്ലാതെ വിവിഐപി സന്ദർശനത്തെ ഒരു രീതിയിലും വിമർശിച്ചിട്ടില്ലെന്ന് ഡോ. രമേശ് മനോരമ ന്യൂസിനോട് പറഞ്ഞു.

അതേസമയം, ഇങ്ങനെയൊരു നിലപാട് ആരോഗ്യവകുപ്പിനില്ലെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറും അറിയിച്ചു. പ്രധാനമന്ത്രി വന്നതിനെ എതിർത്തിട്ടില്ല. കൂടുതൽ ആളുകൾ കയറുന്നതിനെക്കുറിച്ചാണ് എതിർത്തത്. വിവിഐപി സന്ദർശനത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. വാർഡുകളിലെ തിരക്ക് നിയന്ത്രിക്കേണ്ടതായിരുന്നു. ഡയറക്ടർ എതിർപ്പ് അറിയിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു

LEAVE A REPLY

Please enter your comment!
Please enter your name here