കോട്ടയം: സി.എസ്.ഐ മധ്യകേരള മഹായിടവക മുന്‍ അധ്യക്ഷന്‍ ബിഷപ്പ് സാം മാത്യു(79) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കോട്ടയം മാങ്ങാനത്തെ സ്വകാര്യ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം.

സഭാ സെക്രട്ടറിയായിരിക്കെ 1993 സപ്തംബര്‍ ഒന്നിനാണ് മധ്യകേരള മഹായിടവകയുടെ പതിനൊന്നാമത്തെ ബിഷപ്പായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയും സഭയില്‍ പരിസ്ഥിതിവകുപ്പ് ഉണ്ടാക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ കാലത്താണ്. കഞ്ഞിക്കുഴി അസന്‍ഷന്‍ പട്ടക്കാരനായിരിക്കെ ഗാന്ധിനഗറില്‍ പാവപ്പെട്ട രോഗികള്‍ക്കായി അസന്‍ഷന്‍ സേവനനിലയം സ്ഥാപിക്കുന്നതിന് മുന്‍കയ്യെടുത്തു.

എട്ട് വര്‍ഷത്തെ സേവനത്തിന് ശേഷം 2001 ഒക്‌ടോബര്‍ എട്ടിനാണ് സാം മാത്യു മഹായിടവകയുടെ അധ്യക്ഷസ്ഥാനമൊഴിഞ്ഞത്. ലാളിത്യവും എളിമയും മുഖമുദ്രയാക്കിയ ബിഷപ്പായിരുന്നു സാം മാത്യു.

കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ്, നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് സെക്രട്ടറി, സി.എസ്.ഐ സിനഡ് എക്‌സിക്യുട്ടീവംഗം, ജ്ഞാനനിക്ഷേപം മാസിക ചീഫ് എഡിറ്റര്‍, ബാംഗ്ലൂര്‍ യു.ടി.സി ബോര്‍ഡംഗം, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ഭരണസമിതിയംഗം, സി.എസ്.ഐ യുവജന പ്രസ്ഥാനം പ്രസിഡന്റ്, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാങ്ങാനം ക്രൈസ്തവാശ്രമം, ബാലഗ്രാമം എന്നിവയുടെ പ്രസിഡന്റുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here