ന്യൂഡല്‍ഹി: ഗാംബിയയില്‍ കുട്ടികളുടെ മരണത്തിന് പിന്നില്‍ ഇന്ത്യയില്‍ നിന്നുള്ള സിറപ്പ് അല്ലെന്ന് രാജ്യം ലോകാരോഗ്യ സംഘടനയില്‍. ഇന്ത്യയിലെ സര്‍ക്കാര്‍ ലാബില്‍ നടത്തിയ സിറപ്പിന്റെ സാംപിള്‍ പരിശോധനയില്‍ അപകടകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ മരുന്ന് നിര്‍മ്മാണ കമ്പനി വീണ്ടും തുറക്കുന്നതിന് സര്‍ക്കാരിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തേടുമെന്ന് മരുന്ന് നിര്‍മ്മാതാക്കളായ മെയ്ദന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് അറിയിച്ചു.

ഇന്ത്യയിലെ നിയമസംവിധാനത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് മെയ്ദ എം.ഡി നരേഷ് കുമാര്‍ ഗോയല്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. തെറ്റായി താന്‍ ഒന്നുംതന്നെ ചെയ്തിട്ടില്ല. ഫാക്ടറി വീണ്ടും തുറക്കുന്നതിന് അധികൃതര്‍ക്ക് അപേക്ഷ നല്‍കും. അത് എന്ന് യഥാര്‍ത്ഥ്യമാകുമെന്ന് തനിക്കറിയില്ല. അതിനു വേണ്ടി കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ഹരിയാനയിലെ സോനെപട്ടിലാണ് വിവാദ സിറപ്പ് കമ്പനി പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ ചുമയ്ക്കും ജലദോഷത്തിനുമുള്ള സിറപ്പ് കഴിച്ച് ഗാംബിയയില്‍ ഈ വര്‍ഷം 69 കുട്ടികള്‍ മരിച്ചുവെന്ന് ഡബ്ല്യൂഎച്ച്ഒ ഒക്‌ടോബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ കമ്പനി അടച്ചുപൂട്ടുകയായിരുന്നു.

ഡിസംബര്‍ 13ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഡബ്ല്യൂഎച്ച്ഒയ്ക്ക് നല്‍കിയ കത്തിലാണ് സിറപ്പിന്റെ സാംപിളില്‍ അപാകതയില്ലെന്ന് വ്യക്തമാക്കിയത്. ഡബ്ല്യൂഎച്ച്ഒ ആരോപിച്ച ‘എഥിലിന്‍ ഗ്ലൈക്കോള്‍’ അല്ലെങ്കില്‍ ‘ഡയത്തീലിന്‍ ഗ്ലൈക്കോള്‍’അംശം കണ്ടെത്തിയിട്ടില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ കത്തില്‍ പറയുന്നു.

സിറപ്പില്‍ എഥിലിന്‍ ഗ്ലൈക്കോള്‍, ഡയത്തീലിന്‍ ഗ്ലൈക്കോള്‍ എന്നിവയുടെ സാന്നിധ്യം മാരകമായ തോതില്‍ ഉണ്ടായിരുന്നുവെന്നും ഇവ മാരകമായ കിഡ്‌നി രോഗത്തിന് ഇടയാക്കുമെന്നും ഡബ്ല്യൂഎച്ച്ഒ ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here