ന്യൂഡൽഹി: ഒരു ഇടവേളയ്ക്കുശേഷം ചൈനയിൽ അതിരൂക്ഷ കൊറോണ വ്യാപനത്തിന് ഇടയാക്കിയ കൊറോണ ഉപവകഭേദം ഇന്ത്യയിലും റിപ്പോർട്ട് ചെയ്തു. ഒമിക്രോണിന്റെ ബിഎഫ്.7 എന്ന വകഭേദമാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. ഗുജറാത്തിലും ഒറീസ്സയിലുമാണ് പുതിയ ഉപവകഭേദം കണ്ടെത്തിയത്.

ചൈനയുൾപ്പെടെയുളള വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാരും. പഴയതുപോലെ പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. രാജ്യത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കണം. ഇന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോ​ഗത്തിലാണ് നിർദേശം.

 

ആൾക്കൂട്ടങ്ങളുളള ഇടങ്ങളിലും വീടിന് അകത്തും പുറത്തും മാസ്ക് ധരിക്കുന്നത് തുടരണമെന്ന് യോ​ഗത്തിന് ശേഷം നീതി ആയോ​ഗ് അം​ഗം ഡോ വി കെ പോൾ നിർദേശിച്ചു. ഇതുവരെ രാജ്യത്ത് 27-28 ശതമാനം പേർ മാത്രമാണ് മുൻകരുതൽ ‍ഡോസ് സ്വീകരിച്ചത്. മുതിർന്ന പൗരന്മാർ ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യരുത്. രാജ്യാന്തര യാത്രകള്‍ക്കുള്ള മാര്‍ഗ രേഖയില്‍ തല്‍ക്കാലം മാറ്റമില്ലെന്ന് കോവിഡ് ദേശീയ കര്‍മസമിതി തലവന്‍ കൂടിയായ പോള്‍ പറഞ്ഞു.

ഇന്ത്യയ്‌ക്ക് പുറത്ത് പല രാജ്യങ്ങളിലും കൊറോണ വ്യാപനം ഉയർന്ന സാഹചര്യത്തിൽ വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധന പുനരാരംഭിച്ചിട്ടുണ്ട്. നിലവില്‍ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണമില്ല. അന്താരാഷ്‌ട്ര യാത്രക്കാരുടെ സാമ്പിളുകൾ ശേഖരിച്ച് കൊറോണ പരിശോധന നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here