ന്യൂഡല്‍ഹി: കനത്ത മഞ്ഞില്‍ തണുത്തുറയുകയാണ് രാജ്യതലസ്ഥാനം. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനില ഡല്‍ഹിയില്‍ ഇന്ന് രേഖപ്പെടുത്തി. ഡല്‍ഹിയിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വരുന്ന സഫ്ദര്‍ജംഗില്‍ 2.2 ഡിഗ്രിയാണ് താപനില. നഗരം മൂടല്‍മഞ്ഞിന്റെ പിടിയില്‍ അകപ്പെട്ടതോടെ രാവിലെ 8.30 യ്ക്ക് പോലും കാഴ്ചപരിധി വളരെ കുറവാണ്.

ജനുവരിയില്‍ പതിവായി തണുത്തുറഞ്ഞ കാലാവസ്ഥയും ശക്തമായ തണുപ്പ് രേഖപ്പെടുത്തുകയും ചെയ്യാറുള്ള സഫ്ദര്‍ജംഗില്‍ പത്തുവര്‍ഷത്തിനിടയില്‍ താപനില ഇത്രയൂം താഴുന്ന സ്ഥിതി രണ്ടുതവണ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2021 ല്‍ 1.1 ഡിഗ്രി താപനില രേഖപ്പെടുത്തിയിരുന്നു. 2013 ല്‍ 1.9 ഡിഗ്രി താപനിലയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 

ഇതു രണ്ടും ജനുവരിമാസത്തെ ആദ്യ ആഴ്ചയായിരുന്നു. ഈ സമയത്ത് സഫ്ദര്‍ജംഗില്‍ താപനില അഞ്ച് ഡിഗ്രിയില്‍ താഴുന്നത് പതിവാണ്. ശനിയാഴ്ച റിഡ്ജില്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു രേഖപ്പെടുത്തിയത്. ലോധി റോഡില്‍ അന്ന് 2 ഡിഗ്രിയായിരുന്നു താപനില. പാലത്തെ ഐജിഎം വിമാനത്താവളം പുലര്‍ച്ചെ 2.30 യോടെ തന്നെ മൂടല്‍മഞ്ഞ് മൂടിയിരുന്നു. രാവിലെ 6.30 യ്ക്ക് പോലും കാഴ്ചപരിധി 50 മീറ്ററായിരുന്നു.

സഫ്ദര്‍ജംഗില്‍ 200 മീറ്ററായിരുന്നു കാഴ്ചയുടെ ദൂരപരിധി. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ ഉടനീളമായി 16 ഡിഗ്രി സെല്‍ഷ്യസാണ് ഏറ്റവും കൂടുതല്‍ താപനില വെള്ളിയാഴ്ച വരെ രേഖപ്പെടുത്തിയത്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി താപനിലയില്‍ വ്യത്യാസം വരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here