ന്യൂഡല്‍ഹി: ലൈംഗികാരോപണത്തില്‍ കുടുങ്ങിയ ഗുസ്തി ഫെഡറേഷന്‍ തലവനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗ് രാജി വെച്ചേക്കാന്‍ സാധ്യത. ഞായറാഴ്ച നടക്കുന്ന ഫെഡറേഷന്റെ പൊതുയോഗത്തില്‍ സിംഗ് സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിജ് ഭൂഷനെതിരേ ഒളിമ്പ്യന്മാരായ ഗുസ്തിതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

അയോധ്യയില്‍ ജനുവരി 22നാണ് ഗുസ്തി ഫെഡറേഷന്റെ വാര്‍ഷിക പൊതുയോഗം നടക്കുന്നത്. ബ്രിജ്ഭൂഷന്‍ ശരണ്‍ മാനസീകമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി താരങ്ങള്‍ ആരോപിച്ചിരുന്നു. 200 ലധികം താരങ്ങളാണ് ബ്രിജ്ഭൂഷന്‍ അടക്കമുള്ള ഫെഡറേഷനെതിരേ ജന്ദര്‍മന്ദറില്‍ പ്രതിഷേധം നടത്തുന്നത്. കഴിഞ്ഞ 12 വര്‍ഷമായി ഗുസ്തിഫെഡറേഷന്റെ തലപ്പത്ത് തുടരുന്നയാളാണ് ബ്രിജ് ഭൂഷന്‍.

 

ഒളിമ്പിക്‌സില്‍ വെള്ളിയും വെങ്കലവും നേടിയ വിനയ് ഫഗോട്ടിനെയും പൂനിയയെയും പോലെയുള്ള താരങ്ങളാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ക്യാമ്പിലെ പല വനിതാ താരങ്ങളെയും പരിശീലകരും ഗുസ്തി ഫെഡറേഷന്‍ തലവന്‍ ഉള്‍പ്പെടെയുള്ളവരും ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി താരങ്ങള്‍ ആരോപിച്ചു. ബജ്‌രംഗ് പൂനിയയും സാക്ഷി മല്ലിക്കുമെല്ലാം പ്രതിഷേധത്തിനുണ്ട്.

ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കായിക മന്ത്രി ഗുസ്തിതാരങ്ങളുടെ പ്രശ്‌നം കേള്‍ക്കാന്‍ തയ്യാറായിരുന്നു. 35 താരങ്ങളുമായി തുടങ്ങിയ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ 200 താരങ്ങളായി മാറിയിരിക്കുകയാണ്. ജൂനിയര്‍ താരങ്ങളും സമരത്തിന് ഒപ്പമുണ്ട്. സമരത്തിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ എത്തിയെങ്കിലും സമരത്തിന് രാഷ്ട്രീയ നിറം നല്‍കേണ്ടതില്ല എന്ന പേരില്‍ ബൃന്ദാകാരാട്ട് അടക്കമുള്ള നേതാക്കളെ താരങ്ങള്‍ അകറ്റി നിര്‍ത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here