
ന്യൂഡൽഹി: ട്രെയിനിൽ ബോംബുവെച്ചിട്ടുണ്ടെന്ന് വ്യാജ ഫോൺകോൾ നൽകിയ സംഭവത്തിൽ ഇന്ത്യൻ എയർഫോഴ്സ് ജീവനക്കാരൻ അറസ്റ്റിൽ. ശനിയാഴ്ച രാവിലെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലാണ് ഫോൺകോൾ എത്തിയത്. മുംബൈയിലേക്കുള്ള രാജധാനി എക്സ്പ്രസിൽ ബോംബുവെച്ചിട്ടുണ്ടെന്നായിരുന്നു ലഭിച്ച സന്ദേശം.
ശനിയാഴ്ച വൈകീട്ട് 4.15ഓടെയാണ് ഫോൺകോൾ എത്തിയത്. പിന്നീട് ഡൽഹി പൊലീസിന്റെ ബോംബ് സ്ക്വാഡ് എത്തി ട്രെയിനിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് ഫോൺകോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ട്രെയിനിൽ നിന്ന് തന്നെയാണ് ഭീഷണികോൾ എത്തിയതെന്ന് മനസിലായി.
ട്രെയിനിൽ വിശദ പരിശോധന നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സുനിൽ സാങ്‍വാൻ എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. എയർ ഫോഴ്സിലെ ജീവനക്കാരനാണ് ഇയാൾ. ട്രൈയിൻ വൈകിപ്പിക്കാനായിരുന്നു ഇയാളുടെ നീക്കമെന്നും പൊലീസ് അറിയിച്ചു.