ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുതുവര്‍ഷ പുലരിയില്‍ നടന്ന ഞെട്ടിക്കുന്ന അപകടത്തിന് സമാനമായ ദുരന്തം ഗുജറാത്തിലും. ഗുജറാത്തിലെ സൂറത്തിലാണ് ഡിസംബറില്‍ ഈ അപകടമരണം സംഭവിച്ചത്. ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ ഇടിച്ച കാര്‍ യുവാവുമായി 12 കിലോമീറ്റര്‍ പാഞ്ഞു. റോഡില്‍ ഉരഞ്ഞുനീങ്ങിയ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു.

സൂറത്തിലെ പ്രാന്തപ്രദേശമായ പല്‍സാനയില്‍ ഡിസംബര്‍ 18 നാണ് അപകടമുണ്ടായത്. അപകടത്തെതുടര്‍ന്ന് പ്രതിയായ കണ്‍സ്ട്രക്ഷന്‍ ബിസിനസുകാരനും റെസേറ്റാന്റ് ഉടമയുമായ ബിരെന്‍ ലദുമോര്‍ അഹിറിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ബിരെന്‍ ആണെന്ന് തിരിച്ചറിഞ്ഞതോട് അറസ്റ്റ് രേഖപ്പെടുത്തിയതായി സൂറത്ത് റൂറല്‍ ഡെപ്യൂട്ടി സൂപ്രണ്ട് എസ്എന്‍ റാത്തോഡ് പിടിഐയോട് പറഞ്ഞു.

 

അപകട ശേഷം ഒളിവില്‍ പോയ ബിരെന്‍ മുംബൈയിലും മഹാരാഷ്ട്രയിലുമായിരുന്നു കഴിഞ്ഞിരുന്നത്. വാഹനത്തിന്റെ രജിസ്‌ട്രേഷനില്‍ നിന്ന് ഉടമയെ തിരിച്ചറിഞ്ഞ പോലീസ് വ്യാഴാഴ്ചയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കാംരാജ് ടോള്‍ പ്ലാസ വഴി സൂറത്തില്‍ ഇയാള്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ബൈക്ക് യാത്രികന്‍ കാറിനടിയില്‍ പെട്ട വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഇയാള്‍ പറയുന്നത്.

ബിരെന്‍ സഞ്ചരിച്ച കിയ കാര്‍ണിവല്‍ കാര്‍ ആണ് ബൈക്ക് യാത്രകനായ സാഗര്‍ പട്ടേലിനെ ഇടിച്ചത്. ഇയാള്‍ കാറിനടിയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. സാഗര്‍ പട്ടേലിന്റെ അവസ്ഥ അറിയാതെ രക്ഷപ്പെടാനുള്ള തന്ത്രപ്പാടില്‍ ബിരെന്‍ കാറുമായി കടന്നുകളഞ്ഞു.

കാറിനടിയില്‍ ആള് കുടുങ്ങിയതറിഞ്ഞതോടെ ബിരെണ്‍ കാര്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. എന്നാല്‍ അപകടം കണ്ട ഒരു ബൈക്ക് യാത്രികന്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയും കാറിനെ പിന്തുടരുകയും ചെയ്തിരുന്നു. അപകടസമയത്ത് ബിരെന്‍ മദ്യലഹരിയിലായിരുന്നോയെന്ന് പോലീസ് പരിശോധിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here