ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് എതിരേയുള്ള ബിബിസി ഡോക്യുമെന്ററി രാജ്യത്ത് ഉയര്‍ത്തിവിട്ടിരിക്കുന്ന വിവാദം ചില്ലറയല്ല. ക്യാംപസുകളിലെല്ലാം മോഡി വിരുദ്ധ വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് തുടരുമ്പോള്‍ എസ്എഫ്‌ഐ യ്ക്കും മോഡിവിരുദ്ധ സംഘടനകള്‍ക്കും ‘കശ്മീരി ഫയല്‍സ്’ സിനിമ കൊണ്ടു മറുപടി നല്‍കുകയാണ് എബിവിപി.

ഹൈദരാബാദ് സര്‍വകലാശാലയില്‍ രണ്ടിന്റെയും പ്രദര്‍ശനം നടത്തി. ഗുജറാത്ത് കലാപവും കശ്മീരിലെ പുതിയ നവീകരണവുമെല്ലാം വിഷയമാക്കിയാണ് ബിബിസിയുടെ രണ്ടു ഭാഗങ്ങളായുള്ള ഡോക്യുമെന്ററി പുറത്തുവന്നത്. ഇന്ത്യന്‍ ക്യാംപസുകളില്‍ വലിയ വിവാദമുണ്ടാക്കിക്കൊണ്ട് ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ. യാണ് അത് പ്രദര്‍ശിപ്പിക്കാന്‍ മുന്‍കൈ എടുത്തത്. ഇതിനെതിരേ ബിജെപിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെങ്കിലും എസ്എഫ്‌ഐ പ്രദര്‍ശനവുമായി മുമ്പോട്ടു പോയിരുന്നു. എന്നാല്‍ ഇതിന് ബദലായി ‘കശ്മീര്‍ ഫയല്‍സ്’ സിനിമ എ.ബി.വി.പി.യും ഹൈദരാബാദ് സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചു.

 

പാകിസ്താന്‍ അനുകൂല തീവ്രവാദി സംഘടനകളുടെ ആക്രമണത്തെയും കൂട്ടക്കുരുതിയെയും തുടര്‍ന്ന് ഹിന്ദുക്കള്‍ കശ്മീര്‍ വിട്ടുപോകുന്നതിന്റെ കഥയാണ് കശ്മീരി ഫയല്‍സ് പറഞ്ഞത്. വിവേക് അഗ്നിഹോത്രി സംവിധനം ചെയ്ത സിനിമ വൈകിട്ട് ആറു മണിക്കാണ് എ.ബി.വി.പി. പ്രദര്‍ശിപ്പിച്ചത്. അതേസമയം ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ തുടരരുത് എന്ന് സര്‍വകലാശാല അധികൃതര്‍ രണ്ടു കൂട്ടരോടും ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല.

റിപ്പബ്‌ളിക് ദിനത്തിലായിരുന്നു എസ്.എഫ്.ഐ. ക്യാംപസില്‍ ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. നാനൂറിലധികം വിദ്യാര്‍ത്ഥികള്‍ സിനിമ കാണുകയും ചെയ്തതായി എസ്.എഫ്.ഐ. പ്രതിനിധികള്‍ ട്വീറ്റ് ചെയ്തു. അതേസമയം അനധികൃതമായി നടത്തിയ പ്രദര്‍ശനത്തിന്റെ പേരില്‍ നേതാക്കന്മാരോട് സര്‍വകലാശാല വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here