ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി ലക്ഷമണ ചന്ദ്ര വിക്‌ടോറിയ ഗൗരി സത്യപ്രതിജ്ഞയേല്‍ക്കും മുന്‍പ് ജഡ്ജി നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനം. രാവിലെ 10.30നാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. അതിനു മുന്‍പ് ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി കേള്‍ക്കുന്നത്.

മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന വനിത അഭിഭാഷകയാണ് വിക്‌ടോറിയ ഗൗരി. ന്യൂനപക്ഷ വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന ഇവരെ ജഡ്ജിയാക്കുന്നത് ബി.ജെ.പി ബന്ധത്തിന്റെ പേരിലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇവരുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

 

നിയമനം ചോദ്യം ചെയ്ത് മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍, അഭിഭാഷക സംഘടനയിലെ ചില അംഗങ്ങള്‍ എന്നിവരാണ് സുപ്രീം കോടതിക്ക് പരാതി നല്‍കിയത്.

വിക്‌ടോറിയ ഗൗരി അടക്കം 11 അഭിഭാഷകരെയും രണ്ട് ജുഡീഷ്യല്‍ ഓഫീസര്‍മാരെയുമാണ് അലഹബാദ്, കര്‍ണാടക, മദ്രാസ് ഹൈക്കോടതികളിലെ അഡീഷണല്‍ ജഡ്ജിമാരായി നിയമിച്ചുകൊണ്ടുള്ള അറിയിപ്പ് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു ട്വീറ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here