അപ്രതീക്ഷിത പ്രഹരത്തിൽ അദാനിഗ്രൂപ്പിന് വൻ നഷ്ടമുണ്ടാക്കിയ അമേരിക്കൻ കമ്പനി ഹിൻഡൻബർഗ് റിസർച്ചിനെതിരെ പടയൊരുക്കവുമായി ഗൗതം അദാനി. ഹിൻഡൻബർഗ് റിസർച്ച് അടുത്തിടെ കമ്പനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ അവരുടെ തട്ടകമായ അമേരിക്കയിൽ ചെന്ന് പോരാടാനാണ് അദാനിയുടെ തീരുമാനം. അമേരിക്കൻ കോടതിയിൽ നിയമയുദ്ധം നടത്താനായി യുഎസ് ആസ്ഥാനമായുള്ള നിയമ സ്ഥാപനമായ വാച്ച്‌ടെലിനെ അദാനി ഗ്രൂപ്പ് നിയോഗിച്ചതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

 

വാച്ച്‌ടെൽ, ലിപ്ടൺ, റോസൻ ആൻഡ് കാറ്റ്സ് എന്നീ നിയമസ്ഥാപനങ്ങളുമായി അദാനി ഗ്രൂപ്പ് ചർച്ച നടത്തിയതായി ബ്രിട്ടീഷ് ഡെയ്‌ലി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനൊടുവിലാണ് വാച്ച്‌ടെല്ലിനെ അദാനി തിരഞ്ഞെടുത്തത്. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഈ നിയമ സ്ഥാപനം കോർപ്പറേറ്റ് നിയമത്തിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. വലുതും സങ്കീർണ്ണവുമായ ഇടപാടുകൾ പതിവായി കൈകാര്യം ചെയ്യുന്നതിൽ ഇവർ വിദഗ്ദ്ധരാണ്.

 

അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിലെ കമ്പനികളുടെ ഓഹരി വില കഴിഞ്ഞ ഒരാഴ്ചയായി കുത്തനെ ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെ ജനുവരി 29 ന് അദാനി ഗ്രൂപ്പ് പുറത്തിറക്കിയ 413 പേജുകളുള്ള ഒരു റിപ്പോർട്ടിൽ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് അസത്യങ്ങൾ നിറഞ്ഞതെന്നാണ് വിശേഷിപ്പിച്ചത്. ഇതേതുടർന്ന് അദാനിയെ അമേരിക്കയിലേക്ക് നിയമയുദ്ധത്തിനായി ഹിൻഡൻബർഗ് ക്ഷണിച്ചിരുന്നു.

 

ഓഹരികളെ തീപിടിപ്പിച്ച ഹിൻഡൻബർഗ് റിസർച്ച്

 

നാഥൻ ആൻഡേഴ്സൺ (38) എന്ന അമേരിക്കക്കാരൻ 2017ലാണ് ഹിൻഡൻബർഗ് റിസർച്ചിന് തുടക്കമിട്ടത്. ഓഹരി, കടപ്പത്രം തുടങ്ങിയവയിലെ തട്ടിപ്പുകൾ വെളിച്ചത്തുകൊണ്ടുവരികയാണ് പ്രധാനലക്ഷ്യം. 1937ലെ ഹിൻഡൻബർഗ് വിമാനദുരന്തത്തിൽ നിന്ന് കടമെടുത്താണ് കമ്പനിക്ക് ആൻഡേഴ്സൺ ഹിൻഡൻബർഗ് റിസർച്ച് എന്ന് പേരിട്ടത്.

 

ഹിൻഡൻബർഗ് വിമാനദുരന്തം മനുഷ്യനിർമ്മിതമായിരുന്നു എന്ന വാദമുണ്ട്. ‘ഓഹരികളിലെ മനുഷ്യനിർമ്മിത ദുരന്തങ്ങൾ’ പുറത്തുകൊണ്ടുവരുകയാണ് ഹിൻഡൻബർഗിന്റെ ലക്ഷ്യം.

 

പേടിസ്വപ്നമായി ഷോർട്ട് സെല്ലിംഗ്

അദാനിക്കെതിരെ ആരോപണമുന്നയിച്ച ഹിൻഡൻബർഗ് ‘ഷോർട്ട്‌സെല്ലിംഗ്’ അധിഷ്ഠിതമായാണ് പ്രവർത്തിക്കുന്നത്. ഓഹരികൾ യഥാർത്ഥ ഉടമയിൽ നിന്ന് കടംവാങ്ങുകയും കൂട്ടത്തോടെ വിറ്റഴിച്ച് വിലയിടിക്കുകയും ചെയ്യുന്ന തന്ത്രമാണിത്. വില ഇടിഞ്ഞശേഷം വീണ്ടും വൻതോതിൽ വാങ്ങും. തുടർന്ന് യഥാർത്ഥ ഉടമയ്ക്ക് തിരികെനൽകി ലഭമെടുക്കും. അദാനിക്കുമേലും ഹിൻഡൻബർഗിന്റെ ഷോർട്ട്‌സെല്ലിംഗ് ഉണ്ടായെന്നാണ് സൂചനകൾ.

ഹിൻഡൻബർഗിന് ചില വൻകിട നിക്ഷേപകരുടെ പിന്തുണയുണ്ടെന്നും അവരാണ് ഷോർട്ട്‌സെല്ലിംഗിലൂടെ ലാഭംകൊയ്യുന്നതെന്നും ആരോപണങ്ങളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here