ന്യൂഡൽഹി : ആഭ്യന്തര, അന്താരാഷ്‌ട്ര വ്യോമഗതാഗതത്തിൽ ആധിപത്യമുറപ്പിക്കാൻ എയർ ഇന്ത്യ 500 പുതിയ വിമാനങ്ങൾ വാങ്ങുന്നു. ഇതിനായി ബോയിംഗ്,​ എയർബസ് കമ്പനികളുമായി 15,​000 കോടി ഡോളറിന്റെ (12ലക്ഷം കോടി രൂപ )​ കരാറുകൾ ഒപ്പിട്ടു.

430 നാരോബോഡി വിമാനങ്ങളും 70 വൈഡ്ബോഡി വിമാനങ്ങളുമാണ് വാങ്ങുന്നത്. ഏഴ് വർഷത്തിനുള്ളിൽ വിമാനങ്ങൾ എയർ ഇന്ത്യയ്‌ക്ക് ലഭിക്കും.

ജനുവരി 29 ന് ടാറ്റ സൺസ് ആസ്ഥാനമായ ബോംബെ ഹൗസിൽ വച്ചാണ് ബോയിംഗുമായി കരാർ ഒപ്പിട്ടത്. വെള്ളിയാഴ്ച എയർബസുമായും കരാറായി.

എയർ ഇന്ത്യ ടാറ്റയുടെ ഉടമസ്ഥതയിലേക്ക് തിരിച്ചെത്തിയ ശേഷം നൽകുന്ന ഏറ്റവും വലിയ ഓർഡറാണിത്.
ഇപ്പോൾ 218 വിമാനങ്ങളുമായി എയർ ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ രാജ്യാന്തര കാരിയറും രണ്ടാമത്തെ വലിയ ആഭ്യന്തര കരിയറുമാണ്.

എയർ ഇന്ത്യയുടെ സഹഉടമസ്ഥതയിലുള്ള വിസ്താര സിംഗപ്പൂർ എയർലൈൻസിൽ ലയിച്ചിരുന്നു. ആഗോള സിവിൽ ഏവിയേഷൻ രംഗത്ത് അതി വേഗം വളരുന്ന വിപണിയായ ഇന്ത്യയിൽ എയർബസിനാണ് ആധിപത്യം .ഈ സാഹചര്യത്തിൽ ബോയിങ്ങിന് കൂടി ഓർഡർ ലഭിച്ചത് വിപണിയിലെ വലിയ അട്ടിമറിയാണ്. എയർബസിന്റെ എ. 320 വിമാനങ്ങളുടെ ലോകത്തെ ഏറ്റവും വലിയ ഉപഭോക്താവ് ഇൻഡിഗോ ആണ്. ഇന്ത്യൻ ആഭ്യന്തര വ്യോമഗതാഗതത്തിന്റെ 50 ശതമാനവും പിടിയിലാക്കിയ ഇൻഡിഗോയുമായി മത്സരിക്കാൻ ഈ കരാർ എയർ ഇന്ത്യക്ക് ശക്തി നൽകും.

1932 ൽ ജെ.ആർ.ഡി ടാറ്റ തുടങ്ങിയ എയർ ഇന്ത്യ 1953 ലാണ് ദേശസാൽക്കരിച്ചത്. സാമ്പത്തിക പ്രതിസന്ധിയിലായ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് തന്നെ സ്വന്തമാക്കുകയായിരുന്നു.

 

കരാർ ഇങ്ങനെ

ഫ്രഞ്ച് കമ്പനിയായ എയർബസിൽ നിന്ന് 240 എ 320 നിയോ വിമാനങ്ങളും 40 എ. 350 വിമാനങ്ങളും

അമേരിക്കൻ കമ്പനിയായ ബോയിംഗിൽ നിന്ന് നൂറ്റി തൊണ്ണൂറ് 737 മാക്സ് വിമാനങ്ങളും ഇരുപത് 787 വിമാനങ്ങളും പത്ത് 777 എക്സ് വിമാനങ്ങളും

LEAVE A REPLY

Please enter your comment!
Please enter your name here