തണുപ്പുകാലം മുഖചർമ്മത്തിന്റെ ആരോഗ്യത്തെ പല തരത്തിലാണ് ബാധിക്കുന്നത്. മുഖവും ചുണ്ടുമടക്കം വിണ്ടുകീറുന്നത് മാത്രമല്ലാതെ കറുത്ത പാടുകൾ പ്രത്യക്ഷമായി ചർമ്മത്തിന്റെ സ്വാഭാവിക തിളക്കമടക്കം നഷ്ടമായേക്കാം. ഇതിന് പ്രതിവിധിയായി കെമിക്കലുകൾ അടങ്ങിയ സൗന്ദര്യ മാർഗങ്ങളാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ പാർശ്വഫലങ്ങൾ മൂലം പ്രതികൂല ഫലമായിരിക്കും ചിലപ്പോൾ ലഭിക്കുക. അതിനാൽ തന്നെ പ്രകൃതിദത്തമായ രീതികൊണ്ട് മുഖത്തെ പ്രശ്നങ്ങൾ മാറ്റിയെടുക്കാവുന്ന എളുപ്പവഴികൾ ഇത്തവണ പരിചയപ്പെടാം.

പണ്ട് കാലങ്ങളിൽ നിന്ന് ഇപ്പോൾ വളരെയധികം ആവശ്യക്കാരുള്ള ഒരു ഫലമാണ് പപ്പായ. പപ്പായയുടെ പലതരത്തിലുള്ള ആരോഗ്യഗുണങ്ങളാണ് ഇത്തരത്തിലുള്ള സ്വീകാര്യതയ്ക്ക് പിന്നിലെ കാരണം. പപ്പായ രുചികരമായ ഭക്ഷ്യവിഭവം എന്നതിലുപരിയായി പലതരത്തിലെ ചർമ്മ-കേശ സംരക്ഷണത്തിനും ഉപയോഗിച്ച് വരുന്നുണ്ട്.

ചർമ്മത്തിലെ മൃത കോശങ്ങളെ നീക്കം ചെയ്യാനും സുഷിരങ്ങൾ അടയ്ക്കാനും ഏറെ സഹായകരമാണ് പപ്പായയിലെ വൈറ്റമിനുകളും എൻസൈമുകളും. പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ എൻസൈം പ്രോട്ടീനുകളെ വിഘടിപ്പിച്ച് പുറന്തള്ളാനും വൈറ്റമിൻ സി കറുത്ത പാടുകൾ അകറ്റാനും സഹായിക്കുന്നു. പപ്പായ ഉപയോഗിച്ച് എളുപ്പത്തിൽ ചെയ്യാവുന്ന ചർമ്മസംരക്ഷണ മാർഗങ്ങൾ ഇവയാണ്.

രണ്ട് ടീസ്പൂൺ പപ്പായ പേസ്റ്റും ഒരു ടീസ്പൂൺ തേനും കലർത്തിയ മിശ്രിതം മുഖത്തും കഴുത്തിലും നന്നായി തേച്ചുപിടിപ്പിക്കുക. നന്നായി ഉണങ്ങിയതിന് ശേഷം ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകികളയാവുന്നതാണ്.

ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള മഞ്ഞളുമായി ചേർത്തും പപ്പായ മുഖത്ത് പുരട്ടാവുന്നതാണ്. ഇത് വഴി ചർമ്മത്തിന്റെ വീക്കവും അണുബാധയും അടക്കമുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാനും സാധിക്കും. ഇതിനായി ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും രണ്ട് ടീസ്പൂൺ പപ്പായ പേസ്റ്റും മിക്സ് ചെയ്തതിന് ശേഷം മുഖത്ത് പുരട്ടുക. 15 നിനിറ്റിന് ശേഷം ഈ മിശ്രിതം മുഖത്ത് നിന്നും കഴുകികളയാവുന്നതാണ്. ചർമ്മത്തിന്റെ തിളക്കം നിലനിർത്താനായി ഉപയോഗിക്കാവുന്ന ഒരു ഫേസ്പാക്കാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here