മുട്ടയുടെ ആരോഗ്യഗുണങ്ങൾ അറിയാത്തവർ ചുരുക്കമാണ്. പ്രോട്ടീൻ, കാത്സ്യം, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ് മുട്ട. ചെലവ് കുറഞ്ഞ രീതിയിൽ ശരീരത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീൻ നൽകാനാവും എന്നതാണ് മുട്ടയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നത്. പ്രോട്ടീൻ, വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ ബി 12, ഫോളേറ്റ്, സെലിനിയം, ഇരുമ്പ്, റൈബോഫ്ലേവിൻ, കോളിൻ, ആന്റി ഓക്‌സിഡന്റുകൾ, ല്യൂട്ടിൻ, സിയാക്‌സാന്തിൻ എന്നിവയാൽ സമൃദ്ധമാണ് മുട്ടകൾ അതിനാൽ തന്നെ ഭാരനിയന്ത്രണം കൂടാതെ പേശീ വളർച്ച, തലച്ചേറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുക, പേശികളുടെ വളർച്ച എന്നിവയ്ക്കും മുട്ടയിലെ പോഷകങ്ങൾ സഹായകരമാണ്.
എന്നാൽ ഒരു പ്രത്യേക പ്രായ പരിധിയിലുള്ളവർ മുട്ട പ്രത്യേകമായും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് ഒരുമിച്ച് തന്നെ രക്ഷ നൽകുന്നതിനാലാണ് ഇങ്ങനെ ചെയ്യേണ്ടത്. 40 വയസിന് മുകളിൽ പ്രായമുള്ളവരാണ് ഇത്തരത്തിൽ ദിവസവും മുട്ട കഴിക്കേണ്ടത്.
പ്രായാധിക്യം മൂലം ശരീരം പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ പ്രകടിപ്പിച്ച് തുടങ്ങും. ഇതിൽ പ്രധാനമായിട്ടുള്ളത് അസ്ഥിവേദനയും ബലക്ഷയവുമാണ്. ഇതിന് മാറ്റം വരാൻ ഏറെ സഹായകരമാണ് മുട്ടയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഡിയും കാത്സ്യവും. അതിനാൽ മുട്ട ദിവസവും കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. കൂടാതെ മെറ്റബോളിസം ശരിയായ രീതിയിൽ നിലനിർത്താനും മുട്ടയ്ക്ക് കഴിയും
40 വയസ് കഴിയുന്നവരിൽ അനീമിയ അല്ലെങ്കിൽ വിളർച്ചയ്ക്കും സാദ്ധ്യത കൂടുതലാണ്. ശരീരത്തിലെ രക്തക്കുറവ് മൂലമുണ്ടാകുന്ന പ്രശ്നത്തിന് പ്രധാന കാരണം ഇരുമ്പിന്റ അഭാവമാണ്. എന്നാൽ മുട്ട ഇരുമ്പിന്റെ സാന്നിദ്ധ്യത്തിൽ സമ്പുഷ്ടമാണ്. അതിനാൽ ദിവസവും മുട്ട കഴിക്കുന്നത് രക്തത്തിന്റെ അഭാവം നികത്താൻ സഹായിക്കും. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്കും അത് തരണം ചെയ്യാനായി മുട്ട സ്ഥിരമായി ഭക്ഷിക്കാവുന്നതാണ്