വാരണാസി: രാഹുല്‍ഗാന്ധിയുടെ വിമാനം വാരണാസി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചത് നരേന്ദ്രമോഡിയ്ക്ക് ഭയം കൊണ്ടാണെന്ന് കോണ്‍ഗ്രസ്. വാരണാസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി വിമാനത്താവളത്തില്‍ തിങ്കളാഴ്ചയായിരുന്നു രാഹുലിന്റെ വിമാനം ഇറങ്ങുന്നത് തടഞ്ഞത്.

വിമാനത്താവള അധികൃതര്‍ക്ക് രാഹുലിനെ ഇവിടെ ഇറക്കരുതെന്ന ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ടാണ് അവര്‍ ആ നിലപാട് എടുത്തതെന്നുമാണ് കോണ്‍ഗ്രസ് നേതാവ് അജയ് റായ് പറഞ്ഞത്. ഇതേ സ്ഥലത്ത് ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപദി മുര്‍മുവിന്റെ വിമാനം ഇറങ്ങുകയും ചെയ്തു. തിങ്കളാഴ്ച രാത്രി വാരണാസിയില്‍ വിമാനമിറങ്ങി പ്രയാഗ്‌രാജില്‍ പോകാനായിരുന്നു രാഹുലിന്റെ പരിപാടി ഷെഡ്യൂള്‍ ചെയ്തിരുന്നത്.

 

എന്നാല്‍ രാഹുലിന് ഇവിടെ ഇറങ്ങാനായില്ല. അതിന് കാരണം സര്‍ക്കാരിന്റെ സമ്മര്‍ദ്ദമാണ്. ഭാരത് ജോഡോ യാത്ര തുടങ്ങിയ ശേഷം പ്രധാനമന്ത്രി ഉത്ക്കണ്ഠയില്‍ ആണ്. അതുകൊണ്ടാണ് അവര്‍ രാഹുലിനെ കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുകയാണ്. ശ്രീ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച ക്ഷേത്രദര്‍ശനം നടത്തുക ലക്ഷ്യമിട്ടാണ് രാഹുല്‍ വാരണാസിയിലേക്ക് വന്നത്.

അതേസമയം തിങ്കളാഴ്ച വൈകിട്ട് ഇതേ ക്ഷേത്രത്തില്‍ പ്രസിഡന്റ് മുര്‍മുവും ക്ഷേത്രദര്‍ശനത്തിന് എത്തിയിരുന്നു. വാരണാസിയിലെ തന്നെ കോത്‌വാള്‍ ബാബാ കാല്‍ ഭൈരവ് ക്ഷേത്രത്തില്‍ തൊഴുത ശേഷമായിരുന്നു കാശി വിശ്വനാഥ ക്ഷേത്രത്തിലും എത്തിയത്. കാശി ക്ഷേത്രത്തിലെ ദര്‍ശനത്തിന് പിന്നാലെ ദശശ്വമേഠ് ഘട്ടില്‍ മഹാഗംഗാ ആര്‍തിയിലും പങ്കാളിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here