ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയ്‌ക്കെതിരേ ഡോക്യുമെന്ററി പുറത്തുവിട്ട ബിബിസിയുടെ ഓഫീസുകളില്‍ ആദായനികുതി ഉദ്യോഗസ്ഥരുടെ റെയ്ഡ്. ബിബിസിയുടെ ഡല്‍ഹി ഓഫീസില്‍ രാവിലെ ഉദ്യോഗസ്ഥരെത്തി. മുംബൈയിലെ ഓഫീസിലും റെയ്ഡ് നടന്നു. നികുതി ക്രമക്കേട് കണെട്ത്തിയതിനെ തുടര്‍ന്നാണ് പരിശോധനയെന്നാണ് പുറത്തുവിട്ടിരിക്കുന്ന വിശദീകരണം.

ബിബിസിയുമായി ബന്ധപ്പെട്ട ഓഫീസുകളില്‍ സാമ്പത്തീക തിരിമറികള്‍ നടക്കുന്നതായി ഇന്റര്‍നാഷണല്‍ ടാക്‌സേഷന്‍ ആരോപണം ഉയര്‍ത്തിയാണ് റെയ്ഡ്. എട്ട് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കുറിച്ചും 2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ആരോപണം ഉയരുന്നതുമായ ബിബിസിയുടെ ഡോക്യുമെന്ററി സീരീസ് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് റെയ്ഡും നടന്നിരിക്കുന്നത്.

 

ബിബിസിയിലെ ചില മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ എടുത്തുകൊണ്ടു പോകുകയും അക്കൗണ്ട് ബുക്കുകള്‍ പരിശോധന നടത്തുകയും ചെയ്തു. അതേസമയം ഇത് സേര്‍ച്ച് അല്ലെന്നും വെറും പരിശോധന മാത്രമാണെന്നുമാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞിരിക്കുന്നത്. ​‍രാവിലെ 11 മണി മുതല്‍ പരിശോധന തുടങ്ങി. മൂന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പരിശോധന തുടരുകയാണ്.

മോഡിയെക്കുറിച്ചുള്ള രണ്ടു ഭാഗങ്ങളുള്ള സീരീസ് ജനുവരി 21 നാണ് ബിബിസി പുറത്തുവിട്ടത്. ‘ഇന്ത്യ: ദി മോഡി ക്വസ്റ്റന്‍സ്’ ഇന്ത്യയില്‍ വലിയ വിവാദം ഉണ്ടാക്കിയിരുന്നു. 2021 ലെ സാങ്കേതിക വിദ്യ നിയമം ഉപയോഗിച്ച് യൂട്യൂബിലും ട്വിറ്ററിലുമെല്ലാം ഡോക്യുമെന്ററിയുടെ വീഡിയോ കേന്ദ്ര സര്‍ക്കാര്‍ ബ്‌ളോക്ക് ചെയ്തിരുന്നു. ഡല്‍ഹിയിലും മുംബൈയിലും ഒരേ സമയത്താണ് പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here