ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കണമെന്ന ഹര്‍ജി തളളി സുപ്രീംകോടതി. നിയമനിര്‍മാണം പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്നും സുപ്രീംകോടതി പറഞ്ഞു. ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തളളിയത്. വിവാഹപ്രായം ഏകീകൃതമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സുപ്രീംകോടതി അഭിഭാഷകനായ അശ്വനി ഹര്‍ജി സമര്‍പ്പിച്ചത്.

പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് സിജെഐ ചൂണ്ടിക്കാട്ടിയതോടെ പാര്‍ലമെന്റില്‍ ഇതിനകം തന്നെ നിയമനിര്‍മാണത്തിനായി വാദിക്കുന്നുണ്ടെന്ന് ഉപാധ്യായ കോടതിയെ അറിയിച്ചു. പിന്നെ എന്തിനാണ് ഇത്തരമൊരു ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചതെന്ന് സിജെഐ ചോദിച്ചതോടെ എങ്കില്‍ പിന്നെ പരിഗണിക്കണമെന്ന് ഉപാധ്യായ ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി ഹര്‍ജി തളളുകയായിരുന്നു.

 

പുരുഷന്റെയും സ്ത്രീയുടെയും വിവാഹപ്രയായവും ഏകീകരിക്കാത്തത് ഏകപക്ഷീയവും ആര്‍ട്ടിക്കിള്‍ 14,15,21 അനുച്ഛേദങ്ങളുടെ ലംഘനവുമാണെന്നാണ് ഹര്‍ജിക്കാരന്‍ വാദിക്കുന്നത്. എന്നാല്‍ നിലവിലെ വ്യവ്‌സഥ റദ്ദാക്കിയാല്‍ സ്തീകളുടെ വിവാഹപ്രായം ഇല്ലാതാവുമെന്ന് കോടതി നിരീക്ഷിച്ചു.

പാര്‍ലമെന്റ് നടപ്പാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ടെന്നും ഇവിടെ നമുക്ക് നിയമനിര്‍മ്മാണം നടത്താന്‍ കഴിയില്ലെന്നും ഭരണഘടനയുടെ എല്ലാത്തരത്തിലുമുളള സംരക്ഷകര്‍ സുപ്രീംകോടതി വിചാരിക്കരുതെന്നും പാര്‍ലമെന്റും അതേനിലയില്‍ കസ്‌റ്റോഡിയന്‍ ആണെന്നും സിജെഐ അറിയിച്ചു.

എങ്കില്‍ വിഷയത്തില്‍ ലോ കമ്മീഷനെ സമീപിക്കാന്‍ അനുമതി നല്‍കണമെന്ന് ഉപാധ്യായ ആവശ്യപ്പെട്ടു. ലോ കമ്മീഷനെ സമീപിക്കുന്നതില്‍ നിന്നും നിങ്ങളെ ആരും തടയുന്നില്ല. പിന്നെ ഞങ്ങള്‍ എന്തിന് അനുമതി നല്‍കണമെന്ന് സുപ്രീംകോടതി ചോദിച്ചു. പാര്‍ലമെന്റിന് അധികാരമുണ്ട്. പാര്‍ലമെന്റിനോട് നിയമനിര്‍മ്മാണം നടത്താന്‍ സുപ്രീംകോടതി ആവശ്യപ്പെടേണ്ടതില്ല. പാര്‍ലമെന്റിന് സ്വന്തം നിലയ്ക്ക് നിയമം പാസാക്കാന്‍ കഴിയും. സിജെഐ ആവര്‍ത്തിച്ചു.

‘നിങ്ങളുടെ അഭിപ്രായം കേള്‍ക്കാനല്ല ഞങ്ങള്‍ ഇവിടെയിരിക്കുന്നത്. ഞങ്ങളെ കുറിച്ച് നിങ്ങള്‍ എന്ത് വിചാരിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല ഞങ്ങളുടെ നിയമസാധുത. അനാവശ്യമായ അഭിപ്രായം ഞങ്ങള്‍ക്ക് ആവശ്യമില്ല. നിങ്ങളെ പ്രീതിപ്പെടുത്താനല്ല, മറിച്ച് ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കാനാണ് ഞങ്ങള്‍ ഇവിടെയിരിക്കുന്നത്. ഒരു നയത്തേയും പ്രീതിപ്പെടുത്തേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല. നിങ്ങള്‍ ബാറിലെ അംഗമാണ്, ഞങ്ങളുടെ മുന്നില്‍ നിങ്ങളുടെ വാദങ്ങള്‍ പറയാം. മറിച്ച് ഇതൊരു രാഷ്ട്രീയവേദിയല്ല.’ എന്നും സിജെഐ വിമര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here