കനത്ത ശീതക്കാറ്റും മഴയും യുഎസില്‍ ജനജീവിതം താറുമാറാക്കി. വൈദ്യുതി ഇല്ല, റോഡുകള്‍ അടഞ്ഞു കിടക്കുന്നു, യാത്രയ്ക്കു വാഹനങ്ങളോ വിമാനങ്ങളോ ലഭ്യമല്ല. അഞ്ചു സംസ്ഥാനങ്ങളിലായി 995,000 പേര്‍ക്ക് വൈദ്യുതി ഇല്ലെന്നു അധികൃതര്‍ പറഞ്ഞു. മിഷിഗണില്‍ മാത്രം 772,000 പേര്‍ ഇരുട്ടിലാണ്. കട്ടിയില്‍ ഐസ് പിടിച്ച 3,000 പവര്‍ ലൈനുകള്‍ തകര്‍ന്നു പോയെന്നു ഇലക്ട്രിസിറ്റി അധികൃതര്‍ പറഞ്ഞു. കലിഫോണിയ, ഇല്ലിനോയ്, ന്യൂ യോര്‍ക്ക്, വിസ്‌കോണ്‍സിന്‍ സംസ്ഥാനങ്ങളിലും വ്യാപകമായി കറന്റ് ഇല്ല. രണ്ടു ഡസനിലേറെ സ്റ്റേറ്റുകളിലായി 24 മില്യണിലധികം പേര്‍ അതിശൈത്യത്തിന്റെയും കൊടുംകാറ്റിന്റെയും ഭീഷണിയിലാണ്.

മഞ്ഞു കുമിഞ്ഞു കൂടുന്നതും മഴ നിലക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ശീതക്കാറ്റിനെത്തുടര്‍ന്ന് രണ്ടായിരത്തിലേറെ ഫ്‌ലൈറ്റുകളാണ് വ്യാഴാഴ്ച റദ്ദാക്കിയത്. 14,000 ആഭ്യന്തര ഫ്‌ലൈറ്റുകള്‍ വൈകി. മൂന്നര പതിറ്റാണ്ടിനു ശേഷം ദക്ഷിണ കലിഫോണിയക്കു ദേശീയ കാലാവസ്ഥാ വകുപ്പ് അതിശൈത്യത്തിന്റെ താക്കീതു നല്‍കി. കടുത്ത തണുപ്പുള്ള അപകടകാരിയായ കൊടുംകാറ്റ് വരുന്നുവെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് പറഞ്ഞു. മലമ്പ്രദേശത്താണ് ഏറ്റവും കൂടിയ ശൈത്യം ഉണ്ടാവുക. അഞ്ചടി വരെ ഉയരുന്ന കനത്ത മഞ്ഞിനു പുറമെ മേഖലയില്‍ ശക്തമായ മഴയും പ്രളയ ഭീഷണിയും ഉണ്ട്.

മണിക്കൂറില്‍ 75 മൈല്‍ ശക്തിയുള്ള കാറ്റടിക്കും. ഡക്കോട്ട സംസ്ഥാനങ്ങളിലും മിനസോട്ടയിലും വിസ്‌കോണ്‍സിനിലും സ്‌കൂളുകലും പല വ്യാപാര സ്ഥാപനങ്ങളും അടച്ചു. പസിഫിക് നോര്‍ത്‌വെസ്റ്റില്‍ ഓറിഗണിലെ ഏറ്റവും വലിയ നഗരമായ പോര്‍ട്ട്‌ലാന്‍ഡ് അടച്ചു പൂട്ടി. ഒരടിയോളം ഉയരത്തിലാണ് മഞ്ഞുവീണത്. അതേ സമയം, തെക്കു ഭാഗത്തു ചില മേഖലകളില്‍ കടുത്ത ചൂടുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here