ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 100 റാലികളടക്കം വിപുലമായ തന്ത്രങ്ങളുമായി ബി.ജെ.പി.യുടെ ലോക്‌സഭാ തിരഞ്ഞെടുപ്പുപ്രചാരണപരിപാടി തയ്യാറാകുന്നു. കേരളം ഉൾപ്പെടെ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങൾക്കുമായിരിക്കും മുൻതൂക്കം.

 

കേരളത്തിൽ പാർട്ടിഅടിത്തറ ഉറപ്പിക്കാൻ കേന്ദ്രസർക്കാർ വമ്പൻപദ്ധതി പ്രഖ്യാപിച്ചേക്കും. രാജ്യത്തെ 60 ന്യൂനപക്ഷമണ്ഡലങ്ങൾ കണ്ടെത്തി പ്രത്യേക പ്രചാരണപരിപാടികൾ ആവിഷ്കരിക്കും. കഴിഞ്ഞദിവസം ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ അധ്യക്ഷതയിൽചേർന്ന ഉന്നതതലയോഗത്തിലാണ് ഈ തീരുമാനം. മുതിർന്നനേതാക്കളായ സുനിൽ ബൻസാൽ, വിനോദ് താവ്‌ഡെ, തരുൺ ചുഗ് എന്നിവരടങ്ങുന്ന സമിതി തിരഞ്ഞെടുപ്പുപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

 

കേന്ദ്രസർക്കാരിന്റെ പദ്ധതികൾ പ്രഖ്യാപിക്കാനും പദ്ധതികൾ ഉദ്ഘാടനംചെയ്യാനും ഈവർഷം അവസാനത്തോടെ രാജ്യവ്യാപകമായി 100 റാലികൾ സംഘടിപ്പിക്കും. പാർട്ടിയുടെ സ്വാധീനംകുറഞ്ഞ സംസ്ഥാനങ്ങളിലും മേഖലകളിലും വിപുലമായ കേന്ദ്രപദ്ധതികൾ പ്രഖ്യാപിക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ, ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ 160 മണ്ഡലങ്ങൾക്ക് പ്രാമുഖ്യം നൽകും. സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ട് പ്രചാരണപരിപാടികൾ വിപുലീകരിക്കും. ന്യൂനപക്ഷവിഭാഗങ്ങൾ 30 ശതമാനത്തിലേറെയുള്ള 10 സംസ്ഥാനങ്ങളിലെ 60 മണ്ഡലങ്ങൾ ന്യൂനപക്ഷമോർച്ച കണ്ടെത്തിയിട്ടുണ്ട്. ഈ മണ്ഡലങ്ങളിൽ കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷപദ്ധതികൾ വിശദീകരിക്കും. സ്വാധീനംകുറഞ്ഞ സംസ്ഥാനങ്ങളിൽ കൂടുതൽ നേതാക്കളെയും പ്രമുഖ വ്യക്തിത്വങ്ങളെയും പാർട്ടിയിലേക്ക് ആകർഷിക്കും.

 
 

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ സീറ്റുകൾ ബി.ജെ.പി. കണക്കുകൂട്ടുന്നു. കേരളത്തിനായി വ്യത്യസ്ത പ്രചാരണതന്ത്രം ആവിഷ്കരിക്കുമെന്നാണ് സൂചന. കോൺഗ്രസിനെയും ഇടതുപാർട്ടികളെയും തുറന്നുകാട്ടാൻ കൂടുതൽ കേന്ദ്രനേതാക്കളെ നിയോഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here