ന്യൂഡല്‍ഹി: സ്വവർഗ്ഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹർജി സുപ്രീം കോടതി ഭരണഘടന ബെഞ്ച് കേസായി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസ് അടുത്തമാസം 18 മുതല്‍ വാദം കേള്‍ക്കും. മൗലിക പ്രധാന്യമുള്ള വിഷയമാണെന്ന് ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

 

പൊതുജന താല്‍പര്യം മുന്‍നിര്‍ത്തി കോടതിയിലെ വാദം ഓണ്‍ലൈനില്‍ തത്സമയം സംപ്രേഷണം ചെയ്യും. പത്തു വർഷമായി ഹൈദരാബാദിൽ ഒന്നിച്ചു കഴിയുന്ന സ്വവർഗ്ഗ പങ്കാളികളാണ് സുപ്രീം കോടതിയിൽ വിവാഹം നിയമ വിധേയമാക്കണമെന്ന് ഹർജി നൽകിയത്. മത വിവാഹ നിയമങ്ങളല്ല പ്രത്യേക വിവാഹ നിയമത്തിലാണ് മാറ്റം തേടുന്നതെന്ന് ഇക്കര്യത്തില്‍ ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു.

 

സ്വവര്‍ഗവിവാഹത്തിന് നിയമപരമായ സാധുത നല്‍കരുതെന്ന് ​​​ കേന്ദ്രം സുപ്രീം കോടതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യന്‍ കുടുംബ സങ്കല്‍പ്പത്തോട് ചേരുന്നതല്ല സ്വവര്‍ഗ വിവാഹം എന്നാണ് സുപ്രീം കോടതിയില്‍ കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

ഭര്‍ത്താവ്, ഭാര്യ, അവര്‍ക്കുണ്ടാകുന്ന കുട്ടികള്‍ എന്ന ഇന്ത്യന്‍ സങ്കല്‍പ്പത്തിന് ഇത്തരം വിവാഹങ്ങള്‍ യോജിച്ചതല്ല. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 ാം വകുപ്പില്‍ സ്വവര്‍ഗ ലൈംഗിക ബന്ധം ഉള്‍പ്പെടെയുള്ളവ കുറ്റകരമാക്കുന്ന വ്യവ്‌സഥകള്‍ ഭരണഘടനാ വിരുദ്ധമാന്ന് പ്രഖ്യാപിച്ചു റദ്ദാക്കിയെങ്കിലും സ്വവര്‍ഗ വിവാഹത്തിന് സാധുത ലഭിക്കാനുള്ള മൗലികാവകാശം ഹര്‍ജിക്കാര്‍ക്ക് അവകാശപ്പെടാനാവില്ലെന്നാണു കേന്ദ്രം വാദിക്കുന്നത്.

ഇത്തരം വിവാഹങ്ങള്‍ക്ക് സാധുത നല്‍കുന്നത് വലിയ സങ്കീര്‍ണ്ണതകള്‍ക്ക് വഴിവച്ചേക്കുമെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. സ്വവര്‍ഗവിവാഹം അംഗീകരിക്കുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനുമപ്പുറം കുടുംബപരമായ വിഷയങ്ങള്‍ ഇതില്‍പെടുന്നുണ്ടെന്നാണ് കേന്ദ്രം വാദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here