ന്യൂഡല്‍ഹി: ജയിലിലടച്ച് തന്നെ നിശബ്ദനാക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി. ചോദ്യങ്ങള്‍ ചോദിക്കുന്നത് അവസാനിപ്പിക്കാനാവില്ല. പോരാട്ടം തുടരും. ആരെയും ഭയക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ലമെന്റ് അംഗത്വം റദ്ദാക്കപ്പെട്ട ശേഷം ഡല്‍ഹിയില്‍ ആദ്യമായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ജനാധിപത്യത്തിനു മേല്‍ ആക്രമണം നടക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം അരമണിക്കൂര്‍ നീണ്ട പത്രസമ്മേളനം ആരംഭിച്ചത്. മോദിക്കും അദാനിക്കുമെതിരെ കടന്നാക്രമിച്ചാണ് രാഹുലിന്റെ വാര്‍ത്താസമ്മേളനം. ബി.ജെ.പിയും ഭരണകൂടവും എന്തുനീക്കം നടത്തിയാലും തന്നെ ഭയപ്പെടുത്താനാവില്ലെന്നും അണികളെ കൂടുതല്‍ ആവേശഭരിതനാക്കാനുമാണ് രാഹുല്‍ ഗാന്ധി ഇന്നത്തെ വാര്‍ത്താസമ്മേളനം ഉപയോഗിച്ചത്. മോദിയൂം അദാനിയുമായി ബന്ധത്തില്‍ ആരോപണം ഉയര്‍ത്തിവിടാനും രാഹുല്‍ ഈ സമയം ഉപയോഗിച്ചു.

 

അദാനിയുടെ കമ്പനികളില്‍ നിക്ഷേപം നടത്തുന്നവര്‍ ആര്? മോദിയും അദാനിയും തമ്മിലുള്ള ബന്ധമെന്ത്? ഈ ചോദ്യമാണ് താന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ഈ ചോദ്യങ്ങള്‍ ഉയര്‍ത്തിയതോടെ തനിക്കെതിരെ ആക്രമണം തുടങ്ങിയത്. തന്റെ പ്രസ്താവനകള്‍ സഭയുടെ രേഖകളില്‍ നിന്ന് നീക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി താന്‍ സ്പീക്കര്‍ക്ക് വിശദമായ കത്ത് നല്‍കി.

മോദി ഗുജറാത്ത് മുഖ്യമ്രന്തിയാകുന്നതോടെയാണ് അദാനിയുമായുള്ള ബന്ധം വ്യക്തമാകുന്നത്. 20,000 കോടി രൂപ അദാനിയുടെ കടലാസ് കമ്പനികളില്‍ നിക്ഷേപിച്ചതാര്? ഈ പണം എവിടെ നിന്നു വന്നു. ഈ കമ്പനികള്‍ ആരുടേത്. എന്നതാണ് തന്റെ ആദ്യ ചോദ്യം. ചൈനീസ് പൗരന്മാര്‍ക്ക് ഇതിലുള്ള ഇടപാടെന്ത് വ്യക്തമാക്കണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദാനിയുമായള്ള ബന്ധമെന്ത? എന്നതായിരുന്നു തന്റെ രണ്ടാമത്തെ ചോദ്യം. പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലെല്ലാം അദാനി ബിസിനസ് വളര്‍ത്തുന്നത് താന്‍ സഭയില്‍ രേഖാമൂലം ചൂണ്ടിക്കാട്ടി. മോദിയും അദാനിയും തമ്മിലുള്ള ചിത്രവും പാര്‍ലമെന്റില്‍ ഉയര്‍ത്തിയിരുന്നു.

താന്‍ പറയുന്നത് സത്യം മാത്രമാണ്. മോദിയോട് ചോദ്യങ്ങള്‍ ചോദിച്ച ശേഷമാണ് തനിക്കെതിരെ ആക്രമണം തുടങ്ങുന്നത്. സ്പീക്കറെ നേരില്‍ കണ്ട് സംസാരിക്കാന്‍ കത്ത് നല്‍കിയെങ്കിലും സമയം അനുവദിച്ചില്ല. തന്റെ കത്തുകള്‍ക്കൊന്നും സ്പീക്കര്‍ മറുപടി നല്‍കിയില്ല.

കൂടുതല്‍ രേഖകളുമായി താന്‍ വീണ്ടും സ്പീക്കറുടെ ഓഫീസിനെ സമീപിച്ചു. അദ്ദേഹം കൂടിക്കാഴ്ച അനുവദിച്ചില്ല.

താന്‍ എന്തുകൊണ്ട് അയോഗ്യനാക്കപ്പെട്ടു. സഭയിലെ തന്റെ അടുത്ത പ്രസംഗത്തെ പ്രധാനമന്ത്രി ഭയപ്പെടുന്നു. അതുകൊണ്ടാണ് തന്നെ അയോഗ്യനാക്കിയത്. അദാനിയുടെ കമ്പനികളില്‍ നിക്ഷേപം നടത്തിയ കമ്പനികളില്‍ ചിലത് പ്രതിരോധവുമായി ബന്ധപ്പെട്ടവയാണ്. എന്തുകൊണ്ട് പ്രതിരോധ മന്ത്രാലയം ഇതേക്കുറിച്ച് പരിശോധിക്കാത്തത്. അദാനിക്ക് വിമാനത്താവളം നല്‍കിയതും ചട്ടങ്ങള്‍ ലംഘിച്ചാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

താന്‍ രാജ്യത്തെ നിയമത്തെ മാനിക്കുന്നു. കേസിന്റെ നിയമപരമായ കാര്യങ്ങള്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു.

വയനാട്ടിലെ ജനങ്ങള്‍ തന്റെ കുടുംബമാണ്. പിന്തുണച്ച എല്ലാ പ്രതിപക്ഷ കക്ഷികളോടും നന്ദിയുണ്ട്.

ആദാനിയ്‌ക്കെതിരെ പറയുന്നത് രാജ്യത്തെ ആക്രമിക്കുന്നതാണ്. അദാനിയാണ് രാജ്യം എന്നാണ് ബിജെപി പറയുന്നത്.

രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം സംരക്ഷിക്കാനും സത്യത്തിനു വേണ്ടിയും പോരാട്ടം തുടരുമെന്ന് മാത്രമാണ് പറയാനുള്ളത്. രാജ്യത്തെ പാവപ്പെട്ടവരേയും ജനാപധിപത്യ സ്ഥാപനങ്ങളും സംരക്ഷിക്കാന്‍ താന്‍ പോരാടും.

അദാനിയുടെ കമ്പനികളിലെത്തിയ 20,000 കോടി രൂപ ആരുടേതാണ്? എവിടെ നിന്നു വന്നു എന്നതാണ് തെളിയിക്കപ്പെടേണ്ടത്. ഒബിസി, അയോഗ്യത, ദേശവിരുദ്ധം എന്നിവയൊക്കെ അതില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഉപാധി മാത്രമാണ്. അയോഗ്യതയ്ക്കും ഭീഷണിക്കും തന്നെ നിശബ്ദനാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതിയില്‍ മാപ്പുപറഞ്ഞ് കേസ് ഒഴിവാക്കി കൂടായിരുന്നോ എന്ന ചോദ്യത്തിന് ‘തന്റെ പേര് സവര്‍ക്കര്‍ എന്നല്ല’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here