ന്യൂഡൽഹി: അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ ട്വിറ്റർ ബയോ മാറ്റി രാഹുൽ ഗാന്ധി. ലോക്സഭ എംപി എന്നത് മാറ്റി ‘അയോഗ്യനാക്കപ്പെട്ട എംപി’ എന്നാണ് ഇപ്പോൾ ട്വിറ്റർ ബയോയിൽ രാഹുൽ ചേർത്തിരിക്കുന്നത്. 2019ൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശം മോദി എന്ന് പേരുള്ളവരെ അപകീർത്തിപ്പെടുത്തുന്നതാണെന്നു കാട്ടി സൂറത്ത് കോടതി രണ്ടു വർഷം ശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെ രാഹുലിനെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കി ലോക്സഭ സെക്രട്ടേറിയറ്റ് വിജ്‍ഞാപനം പുറപ്പെടുവിച്ചു.

തുടർന്നാണ് വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധി തന്റെ ‘അയോഗ്യത’ ട്വിറ്റർ ബയോയിലും ചേർത്തത്. 23 ദശലക്ഷം ആളുകളാണ് ട്വിറ്ററിൽ രാഹുൽ ഗാന്ധിയെ പിന്തുടരുന്നത്. രാഹുലിനെതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്ഘട്ടിൽ സത്യാഗ്രഹം ആരംഭിച്ചിരിക്കെയാണ് സമൂഹമാധ്യമത്തിലൂടെ രാഹുലിന്റെ പ്രതിഷേധം.

രാഹുലിനെതിരായ വിധിക്കെതിരെ സെഷൻസ് കോടതിയിൽ അപ്പീൽ നൽകാനാണ് കോൺഗ്രസ് തീരുമാനം. ഇതിനൊപ്പം രാജ്യത്തുടനീളം പ്രതിഷേധത്തിനും കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ലോക്സഭയിൽനിന്ന് എന്നന്നേക്കുമായി അയോഗ്യനാക്കിയാലും പ്രശ്നമില്ല, താൻ ജനങ്ങൾക്കു വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന് രാഹുൽ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജനങ്ങളെ സേവിക്കുക എന്നതാണ് തന്റെ കർത്തവ്യമെന്നും അതുകൊണ്ടു തന്നെ സർക്കാരിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here