ന്യൂഡൽഹി: ഈസ്‌റ്റർ ദിനത്തിൽ ക്രിസ്‌തീയ ദേവാലയ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ നാളെ വൈകിട്ട് ആറ് മണിയോടെയാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുക. ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കുട്ടോയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കും. എന്നാൽ ഈസ്‌റ്റർ ശുശ്രൂഷകളിൽ പ്രധാനമന്ത്രി പങ്കെടുക്കുമോ എന്നതിന് സ്ഥിരീകരണമില്ല,

മുൻപ് രാഷ്‌ട്രപതി ദ്രൗപതി മുർമു സന്ദർശനം നടത്തിയ ദേവാലയമാണ് സേക്രട്ട് ഹാർട്ട് കത്തീഡ്രൽ. ക്രൈസ്‌തവ പ്രാതിനിദ്ധ്യമുള്ള വിവിധ സംസ്ഥാനങ്ങളിൽ പാർ‌ട്ടിയുടെ വേരോട്ടം വർദ്ധിപ്പിക്കാൻ ബിജെപി ക്രിസ്‌തീയ സഭകളുമായി അടുക്കാൻ ശ്രമിക്കുകയാണ്. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലും അടുത്ത വർ‌ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലും ക്രിസ്‌തീയ വിഭാഗങ്ങൾക്കിടയിൽ പാർട്ടി സാന്നിദ്ധ്യം ശക്തമാക്കാൻ പാർട്ടി ശ്രമം നടത്തുകയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയനുമായി ഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി കഴിഞ്ഞദിവസം ബിജെപിയിൽ ചേർന്നത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. കേരളത്തിൽ ദു:ഖവെള്ളിയാഴ്‌ച ദിവസം ബിജെപി നേതാവ് എ.എൻ രാധാകൃഷ്‌ണന്റെ നേതൃത്വത്തിൽ മലയാറ്റൂർ‌ മല കയറുന്ന പരിപാടിയും നടപ്പാക്കിയിരുന്നു. താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലുമായി ബിജെപി സംസ്ഥാനാദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഇന്ന് ചർച്ച നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here